Kerala

കോൺഗ്രസിൻ്റെ അന്ധമായ മാർക്സിസ്റ്റ് വിരോധ നിലപാട് അനിൽ ആന്‍റണിമാരെ സൃഷ്ടിക്കുന്നു; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യശത്രു ഇടതുപക്ഷമെന്നുള്ള കോൺഗ്രസ് നിലപാടാണ് അനിൽ ആന്‍റണിമാരെ സൃഷ്ടിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റിയാസ് പ്രതികരിച്ചത്. എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നൂതിൻ്റെ പശ്ചാത്തലത്തിലാണ് റിയാസിൻ്റെ പ്രതികരണം.

കോൺഗ്രസ് തുടർച്ചയായി സ്വീകരിക്കുന്ന അന്ധമായ മാർക്സിസ്റ്റ് വിരോധം കോൺഗ്രസ് നേതാക്കളുടെ വീടുകളെ പോലും ബിജെപിയോട് അടുപ്പിക്കുന്നു എന്നത് കാണാതിരിക്കാനാകില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

ആരെങ്കിലും കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേരുന്നതിൽ സന്തോഷം കൊള്ളുന്നവരല്ല സിപിഐഎമ്മും ഇടതുപക്ഷവും. മതനിരപേക്ഷ ചേരി ദുർബലമാവരുത് എന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്. എന്നാൽ, മുൻ മുഖ്യമന്ത്രി എകെ ആന്‍റണിയുടെ മകനും കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ എന്നീ പദവികളിലിരുന്ന വ്യക്തിയുമായ അനിൽ ആന്‍റണി ബിജെപിയിലേക്ക് പോയ സംഭവത്തിൽ കേരളത്തിലെയും അഖിലേന്ത്യാ തലത്തിലെയും കോൺഗ്രസ്സ് നേതൃത്വം തങ്ങളുടെ സംഘടനയുടെ അവസ്ഥയെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പുനർവിചിന്തനം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് ഫേസ്ബുക്കിൽ കുറിച്ചു.

ഈ വിഷയത്തിൽ എ കെ ആന്‍റണിക്കുണ്ടായ വേദന അദ്ദേഹം പ്രകടിപ്പിച്ചു. ശ്രീ ആന്‍റണിക്ക് മാത്രമല്ല മതനിരപേക്ഷ മനസ്സുകൾക്കാകെ പ്രയാസം സൃഷ്ടിച്ച സംഭവമാണ് അനിൽ ആന്‍റണിയുടെ ഈ കൂടുമാറ്റം. കോൺഗ്രസ് തുടർച്ചയായി സ്വീകരിക്കുന്ന അന്ധമായ മാർക്സിസ്റ്റ് വിരോധം കോൺഗ്രസ് നേതാക്കളുടെ വീടുകളെ പോലും ബിജെപിയോട് അടുപ്പിക്കുന്നു എന്നത് കാണാതിരിക്കാനാകുമോ?

കോൺഗ്രസ്സിന്റെ താഴെ തട്ടുമുതൽ ഉന്നത നേതൃത്വം വരെ രാഷ്ട്രീയവൽക്കരിക്കപ്പെടുന്നില്ല എന്നുള്ളത് ഈ സംഭവത്തിലൂടെ വീണ്ടും വ്യക്തമാക്കപ്പെട്ടിരിക്കുകയാണെന്ന് റിയാസ് പറഞ്ഞു

സംഘപരിവാറിനെതിരെ ഫലപ്രദമായ രീതിയിൽ ആശയപ്രചാരണം സംഘടിപ്പിക്കാനോ സ്‌ഥായിയായ നിലപാടുകളെടുത്തുപോവാനോ കോൺഗ്രസ് പാർടിക്ക് കഴിയുന്നില്ല. അധികാര രാഷ്ട്രീയത്തിൽ എങ്ങനെയെങ്കിലും കടിച്ചുതൂങ്ങുക എന്നതിലപ്പുറം മറ്റൊരു ചിന്തയും നേതൃത്വത്തിനില്ല. അതുകൊണ്ട് തന്നെയാണ് പാർലമെന്റിലെയും സംസ്‌ഥാന നിയമസഭകളിലെയും 180 ഓളം കോൺഗ്രസ് ജനപ്രതിനിധികൾ ബിജെപിയിലേക്ക് പോയത്.

അനിൽ ഒരു വ്യക്തിയാണ്. ശ്രീ എകെ ആന്‍റണിയുടെ മകൻ മാത്രമല്ല, കോൺഗ്രസ് നേതാവ് കൂടിയാണ്.

ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി പുറത്തുവന്നതോടെയാണ് പ്രസ്തുത വ്യക്തി തനിനിറം കാട്ടിയത്. ഗുജറാത്ത് വംശഹത്യയിൽ സംഘപരിവാറിന്‍റെ പങ്കിനെപ്പറ്റി മറിച്ചൊരു നിലപാടുള്ളയാൾക്ക് എങ്ങനെയാണ് കോൺഗ്രസ് പാർടിയുടെ നേതൃസ്‌ഥാനങ്ങൾ അലങ്കരിക്കാൻ കഴിഞ്ഞത്?

ഇത്തരം മാനസികാവസ്‌ഥയുള്ള ഒരാളാണ് ഇത്രയും കാലം കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിനേയും എഐസിസി സോഷ്യൽ മീഡിയ സെല്ലിനേയുമൊക്കെ നയിച്ചത് എന്നോർക്കുമ്പോൾ കോൺഗ്രസ് പാർടി ചെന്നെത്തിയ അവസ്ഥയോർത്ത് സഹതാപം തോന്നുന്നു. മന്ത്രി റിയാസ് പറഞ്ഞു

കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം ബിജെപിക്കെതിരെ നിലപാടെടുക്കാൻ മടിക്കുന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. മുഖ്യശത്രു ബിജെപിയല്ല, മറിച്ച് സിപിഐഎമ്മാണ് എന്ന സമീപനം അണികൾക്ക് നൽകുന്ന സന്ദേശമെന്താണെന്ന് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണം.

അന്ധമായ മാർക്സിസ്റ്റ് വിരോധത്തിൽ മാത്രം ഉണ്ടുറങ്ങി ജീവിച്ചാൽ സ്വന്തം വീടുകളിൽ നിന്ന് ഇനിയും അനിൽ ആന്റണിമാരുണ്ടാവുമെന്ന് മാത്രം വിനീതമായി കോൺഗ്രസിനെ ഓർമ്മിപ്പിക്കട്ടെയെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു