തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വെറും ഡയലോഗ് സതീശനായി മാറിയെന്നു പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിക്കലും തെറിവിളിക്കലുമാണു പ്രതിപക്ഷ നേതാവിന്റെ പ്രധാന ജോലി. കഴിഞ്ഞ രണ്ടര വർഷമായി അദ്ദേഹം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എൽഡിഎഫ് നേതാക്കളെയും തെറി വിളിച്ചു കൊണ്ടിരിക്കുകയാണ്.
ജനാധിപത്യ മര്യാദകൾ പാലിക്കാതെ വെറും ഡയലോഗ് സതീശനായി മാറിക്കൊണ്ടിരിക്കുകയാണെന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ തന്നെ ശക്തമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
എല്ലാ മര്യാദയും ലംഘിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ കാണുന്നത്. ആണി അടിച്ച പട്ടിക ഉൾപ്പെടെ മാരകായുധങ്ങളുമായി സെക്രട്ടറിയേറ്റിന്റെ മുമ്പിൽ സമരം നടത്തുന്നു. പൊലീസ് അറസ്റ്റ് ചെയ്യുന്ന ക്രിമിനലുകളെയും ക്വട്ടേഷൻ സംഘങ്ങളെയും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഇറക്കി, അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിൽ കൊണ്ടുപോകുന്നു. ചാൻസലർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന മതനിരപേക്ഷ കേരളം ആകെ എതിർക്കുന്നു. ഇങ്ങനെ പക്വത കുറഞ്ഞ ഒരു പ്രതിപക്ഷ നേതാവ് ഇതുവരെ ഉണ്ടായിട്ടില്ല. പ്രതിപക്ഷനേതാവ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.