Mullaperiyar Dam 
Kerala

മുല്ലപ്പെരിയാർ കേസ് നടത്തിപ്പിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം; മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി

കരാറിലെ വ്യവസ്ഥകൾ പ്രസിദ്ധപ്പെടുത്തുവാനും സംസ്ഥാനത്തിന് ഹാനികരമായ കരാർ റദ്ദാക്കുവാനും അടിയന്തര നടപടി ഉണ്ടാകണം.

കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ചും കേസ് നടത്തിപ്പിൽ ഉണ്ടായ വീഴ്ചകളെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി. 50 വർഷത്തെ ആയുസുള്ള അണക്കെട്ട് 129 വർഷം പിന്നിടുകയാണ്. പഠനം നടത്തിയ അന്താരാഷ്ട്ര ഏജൻസികൾ അടക്കമുള്ളവർ അപകടാവസ്ഥ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. എന്നാൽ ഗൗരവത്തോടെയുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നും സമിതി കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

തിരുവിതാംകൂർ -മദിരാശി ബ്രിട്ടീഷ് സർക്കാരുകൾ തമ്മിലുണ്ടാക്കിയ കരാർ വലിയ ഭേദഗതികളില്ലാതെ 1970ൽ പുതുക്കി നൽകിയത് സംസ്ഥാനത്തിന് തിരിച്ചടിയായിരിക്കുകയാണ്. കരാറിലെ വ്യവസ്ഥകൾ പ്രസിദ്ധപ്പെടുത്തുവാനും സംസ്ഥാനത്തിന് ഹാനികരമായ കരാർ റദ്ദാക്കുവാനും അടിയന്തര നടപടി ഉണ്ടാകണം. പാട്ടക്കരാറിന് വിരുദ്ധമായി തമിഴ്നാട് സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളും വിശദമാക്കണം. മേൽനോട്ട ഉപസമിതി എന്ന പേരിൽ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടുകൾ അന്വേഷണപരിധിയിൽ പെടുത്തണം. സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.റ്റി തോമസിന്‍റെ നിലപാടുകൾ സംബന്ധിച്ചും സംസ്ഥാന സർക്കാരിന്‍റെ തുടർനടപടി സംബന്ധിച്ചും സ്വീകരിച്ച നടപടികൾ പ്രസിദ്ധപ്പെടുത്തണമെന്നും ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ഉപസമിതി എന്ന പേരിൽ കേരളത്തിനുവേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിങ്, ഇൻഡസ്റ്റേറ്റ് ജല വകുപ്പ് ചീഫ് എഞ്ചിനീയർ ആർ. പ്രിയേഷ് എന്നിവർ തയ്യാറാക്കിയ റിപ്പോർട്ടിൽ അണക്കെട്ടിന് കുഴപ്പമില്ല എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ദുരൂഹതയുള്ള ഈ റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിട്ട് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണം. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് നിയോഗിച്ച ഉന്നതാധികാര സമിതി നിർദേശിച്ചിട്ടും 2012ന് ശേഷം ഫലപ്രദമായ ബലക്ഷയ പരിശോധന നടന്നിട്ടില്ല. വിശദമായ പരിശോധനയ്ക്ക് കേന്ദ്ര ജല കമ്മീഷൻ നിർദേശം നൽകിയപ്പോൾ സംസ്ഥാനത്തിന് വിരുദ്ധമായ ഇത്തരം ഒരു റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ ഉടൻ പിരിച്ചുവിടണം. സുപ്രീം കോടതിയിൽ നടക്കുന്ന കേസിനെ സംബന്ധിച്ച് നിലവിലെ സ്ഥിതി പ്രസിദ്ധപ്പെടുത്തണം. ഡാമിന്‍റെ ബലക്ഷയം പഠിക്കാൻ അന്താരാഷ്ട്ര ഡാം നിർമാണ- പരിപാലന ഏജൻസിയെ ചുമതലപ്പെടുത്തണം. അണക്കെട്ട് സന്ദർശിക്കുവാൻ കേരളത്തിലെ മാധ്യമ പ്രവർത്തകരെ അനുവദിക്കണമെന്നും ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 18ന് കോട്ടയം ഗാന്ധി സ്ക്വയറിലും 30ന് ആലപ്പുഴ കലക്ട്രേറ്റിന് മുന്നിലും സമിതി ധർണ നടത്തും. നവംബർ മാസത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലും പാർലമെന്‍റ് ഹൗസിനു മുന്നിലും സമരം വ്യാപിപ്പിക്കുമെന്നും ജനസംരക്ഷണ സമിതി ചെയർമാൻ അഡ്വ. റോയ് വാരികാട്ട്, കൺവീനർ പി.ടി ശ്രീകുമാർ, വർക്കിങ് ചെയർമാൻ ഷിബു.കെ തമ്പി എന്നിവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സമിതി ട്രഷറർ പി.പി ഖാലിദ് സഖാഫി, വൈസ് ചെയർമാൻമാരായ ആമ്പൽ ജോർജ്, മുരളി തകടിയേൽ, ചാൾസ് വേങ്കടത്ത്, പി.ജി സുഗുണൻ, മാർട്ടിൻ മാത്യു എന്നിവരും പങ്കെടുത്തു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?