മുഖ്യമന്ത്രി പിണറായി വിജയൻ 
Kerala

മലപ്പുറത്തെ സ്വർണക്കടത്ത്, മുസ്‌ലിം തീവ്രവാദം: മുഖ്യമന്ത്രിക്കെതിരേ മുസ്‌ലിം സംഘടനകൾ

മലപ്പുറത്തെ സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കപ്പെടുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് വിവാദമായത്.

തിരുവനന്തപുരം: മലപ്പുറത്തെ സ്വർണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്‌ലിം സംഘടനകൾ. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസിന്‍റെ മെഗാഫോണായി മാറിയിരിക്കുകയാണെന്ന് എസ്‌ഐഒ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

മലപ്പുറത്തെ സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കപ്പെടുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് വിവാദമായത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 150 കിലോ കോടിയുടെ സ്വർണവും 123 കോടി രൂപയുടെ ഹവാലയും മലപ്പുറത്ത് നിന്ന് പൊലീസ് പിടികൂടിയെന്നും കടത്തിയ സ്വർണവും ഹവാലയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുസ്‍ലിം തീവ്രവാദ സംഘങ്ങൾ‌ക്കെതിരെ നടപടിയെടുക്കുമ്പോഴാണ് സർക്കാരിനെതിരെ മുസ്‍ലിം വിരുദ്ധ പ്രചരണം വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജുഗുപ്സാവഹം, തെളിവ് വേണമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പിഎംഎ സലാം ആവശ്യപ്പെട്ടു. എന്തെങ്കിലും ഒരു തെളിവ് മുഖ്യമന്ത്രിയുടെ കയ്യിലുണ്ടോ എന്നും സലാം ചോദിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണിതെന്ന് വിമർശിച്ച പി.എം.എ. സലാം മുഖ്യമന്ത്രി പരാമർശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടേത് ജുഗുപ്സാവഹമായ പ്രസ്താവനയാണ്. തറ നേതാവിൽ നിന്ന് അല്പമെങ്കിലും ഉയരാൻ മുഖ്യമന്ത്രി ശ്രമിക്കണം. കരിപ്പൂർ എയർപോർട്ടിൽ എത്തുന്ന സ്വർണത്തെക്കുറിച്ച് ആകാം അദ്ദേഹം പറയുന്നത്. പിടിക്കപ്പെട്ടവരിൽ ഏറെയും കണ്ണൂർ ജില്ലക്കാരാണ്. കണ്ണൂർ ജില്ലയിലുള്ളവരാണ് അവിടെ പോയി വെട്ടിപ്പ് നടത്തുന്നത്. അത് മലപ്പുറം ജില്ലയുടെ തലയിൽ ഇടുകയാണ്. സ്വന്തം കുടുംബത്തിന്‍റെ വൃത്തികേടുകളിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് മുഖ്യമന്ത്രി.

അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടേണ്ടത് അത് തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ്. അല്ലാതെ മറ്റുള്ളവർക്കുമേൽ ആരോപണങ്ങൾ കെട്ടിവച്ചല്ല. മലപ്പുറം ജില്ലക്കാരനായ അൻവർ ഒരു ആരോപണം ഉന്നയിക്കുമ്പോൾ ഉത്തരവാദി മലപ്പുറം ജില്ലയാകുന്നതെങ്ങനെയാണ്. ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ഇങ്ങനെ പറയേണ്ടിവരുമെന്നും മാസപ്പടി വിവാദത്തിൽ കുടുങ്ങിക്കിടക്കുകയാണ് മകളും കുടുംബവുമെന്നും സലാം കുറ്റപ്പെടുത്തി.

പിണറായി ആർഎസ്എസിന്‍റെ മെഗാഫോൺ: എസ്ഐഒ

കോഴിക്കോട്: മലപ്പുറം ജില്ലയിൽ അടുത്ത വർഷങ്ങളിലായി നടന്ന കേസുകളിലെ ഭീമമായ വർധനവും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘ്പരിവാർ ബന്ധവുമടക്കം വ്യക്തമായി പുറത്തുവന്ന സാഹചര്യത്തിൽ ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളുമായി മുഖ്യമന്ത്രി കടന്നുവരുന്നത് ആർഎസ്എസിന്‍റെ മെഗാഫോണായി മാറിയതിനെയാണ് സൂചിപ്പിക്കുന്നതെന്ന് എസ്ഐഒ കുറ്റപ്പെടുത്തി. മുസ്‌ലിം ഭൂരിപക്ഷ ഇടങ്ങളെക്കുറിച്ച് വ്യാജങ്ങൾകൊണ്ടും അർധസത്യങ്ങൾകൊണ്ടും ഭീകരവൽക്കരിക്കുന്നത് വംശഹത്യക്ക് കളമൊരുക്കലാണ്. ബുൾഡോസർ രാജും ഹിന്ദുത്വ ആൾക്കൂട്ട കൊലപാതകങ്ങളും രാജ്യത്ത് ആവർത്തിക്കുമ്പോൾ അവയെ കേരളത്തിലേക്ക് കൂടി വിപുലപ്പെടുത്തുന്ന സംഘ്പരിവാർ പദ്ധതിക്ക് വഴിയൊരുക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും നേതാക്കൾ പറഞ്ഞു.

മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞത്

"ഞങ്ങളുടെ സര്‍ക്കാര്‍ മുസ്‌ലിം തീവ്രവാദ ഘടകങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍, ഞങ്ങള്‍ മുസ്‌ലിങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ ശക്തികള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന്, മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന പോലീസ് പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവുമാണ്. രാജ്യവിരുദ്ധ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം കേരളത്തില്‍ എത്തുന്നു.'

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും