കണ്ണൂർ: നവ കേരള സദസുമായി മുസ്ലീം ലീഗ് സഹകരിക്കുന്നുണ്ടെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ. പല തദ്ദേശ സ്ഥാപനങ്ങളിലും ലീഗ് സഹായം എത്തിച്ചിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. മഞ്ചേശ്വരത്ത് നവകേരള സദസ് തുടങ്ങുന്നതോടെ യുഡിഎഫ് ശിഥിലമാകും, തിരുവനന്തപുരത്ത് എത്തുന്നതോടെ യുഡിഎഫ് ചിന്നിച്ചിതറും. നേതാക്കൾ അധികാരക്കൊതി കൊണ്ട് മാറി നിൽക്കുന്നുവെന്ന് മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാന മന്ത്രിസഭയാകെ ഇന്നുമുതല്‍ ഡിസംബര്‍ 23 വരെ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. രാജ്യത്ത് ഒരു സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മന്ത്രിസഭ ഒന്നാകെ ഒരു മാസത്തിലേറെ സംസ്ഥാനത്ത് ജനകീയ സദസുമായി സംവാദത്തിനിറങ്ങുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാനുള്ള 25 സീറ്റുള്ള പ്രത്യേക ബെൻസ് ബസ് ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്നു മഞ്ചേശ്വരത്തെത്തി. കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിൽ ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം.