M V Govindan 
Kerala

''സിപിഎമ്മിന് ആരുമായും പിണക്കമില്ല, എൻഎസ്എസിന്‍റെ നിലപാട് പലപ്പോഴും സമദൂരമാകാറില്ല''; എം.വി. ഗോവിന്ദൻ

സമുദായ നേതാക്കളെ സ്ഥാനാർഥി സന്ദർശിക്കുന്നത് ജനാധിപത്യ മര്യാദയാണ്

തിരുവനന്തപുരം: സിപിഎമ്മിന് ആരുമായും പിണക്കമോ വ്യക്തിപരമായ വിരോധമോ ഇല്ലെന്നും നിലപാടുകൾ നയപരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പുതുപ്പള്ളിയിൽ വളരെ ഫലപ്രദമായ രാഷ്ട്രീയ പോരാട്ടം നടത്താനാണ് സിപിഎം സംസ്ഥാന സമിതി തീരുമാനമെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്, എൻഎസ് എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

എൻഎസ്എസിന്‍റെ സമദൂര നിലപാടിനെപ്പറ്റിയുള്ള ചോദ്യത്തിനുത്തരം:'തെരഞ്ഞെടുപ്പിൽ സിപിഎം ആരെയും ശത്രുപക്ഷത്തു നിർത്തുന്നില്ല. മുൻപുമില്ല, ഇപ്പോഴുമില്ല, ഇനിയുമില്ല. പാർട്ടി എടുക്കുന്ന നിലപാടിനെ സംബന്ധിച്ചു കൃത്യമായ അഭിപ്രായം അപ്പപ്പോൾ രേഖപ്പെടുത്താറുണ്ട്. എൻഎസ്എസിന്‍റെ സമദൂരം പലപ്പോഴും സമദൂരമാകാറില്ല. സമദൂരം എന്നു പറഞ്ഞത് അത്രയും നല്ലത്. ഒരു ഭാഗത്ത് ഇല്ലല്ലോ.'

സ്ഥാനാര്‍ഥിയെന്ന നിലയിൽ ആരെയും കാണുന്നതിന് കുഴപ്പമില്ല. സമുദായ സംഘടനാ നേതാക്കളെ കാണുന്നതിനെ 'തിണ്ണനിരങ്ങൽ' എന്നൊക്കെയുള്ളത് കോൺഗ്രസിന്‍റെ പ്രയോഗമാണ്.വ്യക്തികളെ കാണുന്നതിനെന്തിനാ തിണ്ണ നിരങ്ങുന്നത്?വിവിധ സമുദായ സംഘടനാ നേതാക്കളെ കാണുന്നുണ്ട്.എല്ലാ വോട്ടർമാരെയും ഒറ്റയ്ക്കൊറ്റയ്ക്ക് കാണുമെന്നും അദ്ദേഹം അറിയിച്ചു.

ജി.സുകുമാരൻനായരോടായാലും വെള്ളാപ്പള്ളി നടേശനോടായാലും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി വോട്ട് അഭ്യർഥിക്കാനുള്ള ജനാധിപത്യ മര്യാദയും അവകാശവും സ്ഥാനാർഥിക്കുണ്ട്. 'എൻഎസ്എസിന്‍റെ പക്കലാണോ സമുദായ വോട്ടുകളെല്ലാം ഉള്ളതെ'ന്ന ചോദ്യത്തിന്, അവരുടെ കൈയിലാണ് മുഴുവൻ വോട്ടെന്നചിന്തയില്ലെന്നും എന്നാൽ,അവരുടെ കൈയിലും വോട്ടുണ്ടെന്നുമായിരുന്നു ഗോവിന്ദന്‍റെ മറുപടി.

'പുരോഗമന സ്വഭാവമുള്ള പാർട്ടിയാണ് സിപിഎമ്മെങ്കിലും പുരോഗമന സ്വഭാവമല്ലാത്തവർക്കും വോട്ടുണ്ട്. അതിനാൽ എല്ലാവരോടും വോട്ട് അഭ്യർഥിക്കേണ്ടിവരും'- പുരോഗമന സ്വഭാവമുള്ള സിപിഎം സമുദായനേതാക്കളെ കാണുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു ഈ ഉത്തരം . മിത്ത് വിവാദത്തിൽ വസ്തുത ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് എൻഎസ്എസാണെന്നും ഗോവിന്ദൻ ചോദ്യത്തിനുത്തരമായി അറിയിച്ചു. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടുന്ന ആദായനികുതി ട്രിബ്യൂണലിന്‍റെ വിധി സംബന്ധിച്ച ചോദ്യത്തിനോട് പ്രതികരിക്കാൻ സംസ്ഥാന സെക്രട്ടറി തയ്യാറായില്ല. മാധ്യമ പ്രവർത്തകർ ചോദ്യം തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റു. എൻഎസ് എസ് ഡയറക്റ്റർ ബോർഡ് അംഗം കൂടിയായ കെ.ബി ഗണേശ് കുമാർ എൽഡിഎഫ് ഘടകകക്ഷിയായി തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഗണേശ് കുമാറിനെ യുഡിഎഫിൽ ഉൾപ്പെടുത്താനും പാർലമെന്‍റ് തെരഞ്ഞെടുപ്പിനുമുമ്പ് മുന്നണി മാറ്റാനും യുഡിഎഫ് ശ്രമിക്കുന്നതിനെപ്പറ്റി വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. അതേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഗോവിന്ദന്‍റെ മറുപടി.

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

31 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന്

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video

മന്ത്രി ശിവൻകുട്ടി ഇടപെട്ടു; ബാഡ്മിന്‍റൺ താരങ്ങൾക്ക് ഇനി വിമാനത്തിൽ പോകാം