തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ സിപിഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനെ പിന്തുണച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇപി പറഞ്ഞത് പൂർണമായി വിശ്വസിക്കുന്നുവെന്നും പാർട്ടി അന്വേഷണം നടത്തേണ്ടകാര‍്യമില്ലെന്നും ഇപി ഡിജിപിക്ക് കൊടുത്ത പരാതിയിൽ നിയമപരമായി അന്വേഷണം നടക്കട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു. 'പുസ്തകം പ്രസിദ്ധീകരിക്കാൻ വേണ്ടി ഇപി ആരുമായും കരാർ ഉണ്ടാക്കിയിട്ടില്ല. പിന്നെ എങ്ങനെയാണ് പുസ്തകം പ്രകാശനം ചെയ്യാനുള്ള തീയതി പ്രഖ‍്യാപിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത് പുറത്തുവന്നതിൽ ഗൂഡാലോചനയുണ്ട്.
ഇതെല്ലാം അന്വേഷിക്കട്ടെ' ഗോവിന്ദൻ പറഞ്ഞു. അതേസമയം വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ‍്യാപിക്കാനാവില്ലെന്ന കേന്ദ്ര നിലപാടിനെ എം.വി. ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. കേരളത്തിന്‍റെ അത്രയും ഗുരുതരമല്ലാത്ത ദുരന്തങ്ങൾ നടന്ന സംസ്ഥാനങ്ങളിൽ പോലും ഇതിനോടകം കേന്ദ്രം സഹായം നൽകി. വയനാട് ദേശീയ ദുരന്തമായി പ്രഖ‍്യാപിച്ചിരുന്നെങ്കിൽ സംസ്ഥാനത്തിന് രാജ‍്യാന്തര തലത്തിൽ ശ്രദ്ധയും സഹായവും ലഭിക്കുമായിരുന്നുവെന്നും ഗോവിന്ദൻ കൂട്ടിചേർത്തു.