തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച് യുവതിയും കുഞ്ഞും മരിച്ച കേസിൽ യുവതിയുടെ ഭർത്താവിന്‍റെ ആദ്യ ഭാര്യ റജീനയെ പ്രതിചേർത്തു. വീട്ടിൽ പ്രസവിക്കാൻ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ പ്രതിചേർത്തിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയാണ് റജീന.
ഗർഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിനു പിന്നാലെ യുവതി ഒളിവിൽ പോയിരുന്നു. സംഭവത്തിൽ അക്യുപംക്ചർ ചികിത്സകനായ ശിഹാബുദ്ദീൻ പറഞ്ഞിട്ടാണ് ഭാര്യ ഷമീറ ബീവിയെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്നാണ് ഭർത്താവ് നയാസിന്‍റെ മൊഴി.
പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആശുപത്രിയിൽ പോകാൻ തയ്യാറാകാതെ വീട്ടിൽ പ്രസവിക്കുകയായിരുന്നു. വീട്ടില്‍ വച്ച് പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ലെന്നും, ആശുപത്രിയിലെത്തുമ്പോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചതായും പൊലീസ് പറയുന്നു.
ഷെമീറ ബീവിയുടെ മുന്‍പത്തെ 3 പ്രസവവും സിസേറിയന്‍ ആയിരുന്നു. നാലാമതും ഗര്‍ഭിണിയായപ്പോള്‍ ആധുനിക ചികിത്സ വേണ്ടായെന്ന് ഭര്‍ത്താവ് നയാസ് തീരുമാനിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ആരോഗ്യപരിപാലനത്തിന്‍റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ നയാസ് അവരോട് തട്ടിക്കയറുകയായിരുന്നു. ഭാര്യയ്ക്ക് ആധുനിക ചികിത്സ നല്‍കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നയാസ് അത് ചെവിക്കൊണ്ടില്ലെന്നും പൊലീസ് പറയുന്നു.