കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ 
Kerala

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

ഒന്നോ രണ്ടോ പ്രാവശ്യത്തിൽ കൂടുതൽ ആർക്കും സീറ്റ് കൊടുക്കരുത്. ഇഷ്ടം പോലെ യുവാക്കൾ ഉണ്ടല്ലോ?

പാലക്കാട്: പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ. കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിരയായി മാറിയെന്നായിരുന്നു വിമർശനം. വീഴ്ച്ചയുടെ ഉത്തരവാദിത്തതിൽ നിന്ന് നേതാക്കൾക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്നും ഇത്തിൽ കണ്ണികളെ പറിച്ചെറിയണമെന്നും നേതൃതലത്തിൽ ശുദ്ധി കലശം നടത്തണമെന്നും ചന്ദ്രശേഖരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റിനെ പൂർണരൂപം...

കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര; സംഘം നിയന്ത്രണം ഏറ്റെടുക്കണം

ബിജെപിയുടെയും അവർ നേതൃത്വം നൽകുന്ന എൻഡിഎയുടെയും കേരളത്തിലെ പ്രവർത്തനങ്ങളിൽ വലിയ വീഴ്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിരയെ പോലെ മാറിക്കൊണ്ടിരിക്കുന്നു.

ഏതെങ്കിലും ഒരു നേതാവിനെ കുറിച്ചല്ല പറയുന്നത്.

കോർ കമ്മിറ്റി അടക്കം നേതൃത്വം നൽകുന്ന നിരവധിപേർ ഉണ്ടല്ലോ?

ആർക്കും ഈ വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല.

മറ്റ് സംസ്ഥാനങ്ങളിലെ വിജയാഘോഷിക്കുമ്പോൾ സ്വന്തം സ്ഥലത്ത് വിജയിപ്പിക്കാനോ നേട്ടങ്ങൾ ഉണ്ടാക്കാനോ എന്താണ് കഴിയാത്തത്?

എന്തുപറഞ്ഞാലും കേന്ദ്രം ഭരിക്കുന്നവരാണ് എന്ന ന്യായീകരണം പറഞ്ഞ് ഒഴിയുകയല്ല വേണ്ടത്.

ഇവിടെയും സംഘടനയെ ശക്തമാക്കാനുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്.

ജനസമ്മതി ഇല്ലാത്ത കുറെ നേതാക്കൾ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.

ഞാൻ അടക്കം ദേശീയ ജനാധിപത്യ സഖ്യം കേരള ഘടകത്തിന്റെ എല്ലാം നേതാക്കളും ആത്മപരിശോധന നടത്തണമെന്ന് തന്നെയാണ് അഭിപ്രായം.

പ്രധാനമായും ബിജെപി നേതാക്കൾ. പ്രസ്ഥാനത്തിനുവേണ്ടി ജീവൻ കൊടുത്തവരും ജയിലിൽ കിടക്കുന്നവരുമായ എത്ര ആളുകളുണ്ട്. അവരുടെ കുടുംബത്തിൽ എത്ര പേർക്ക് ഒരു ജോലി നൽകാനോ സംരക്ഷിക്കാനോ ഈ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.

മറ്റ് രാഷ്ട്രീയ പാർട്ടികൾ അവരുടെ ആളുകളെ സംരക്ഷിച്ചു നിർത്തുന്നത് കാണണം.

കേന്ദ്രസർക്കാരിൻറെ എത്ര സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ട്.

വിഴിഞ്ഞത്തു തന്നെ എത്രപേർക്ക് ഇപ്പോൾ ജോലി ലഭിച്ചു. എന്നാൽ പാർട്ടിക്ക് വേണ്ടപ്പെട്ട ഒരാൾക്കെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കാൻ ബിജെപിക്ക് കഴിഞ്ഞോ?

പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെ സംരക്ഷിക്കാൻ കഴിയാത്ത നേതൃത്വം ഒരിക്കലും വളർന്നുവരില്ല. കേരളത്തിലെ ബിജെപി നശിക്കുന്നതിൽ നേതൃസ്ഥാനങ്ങളിലുള്ള മുഴുവൻ പേർക്കും പങ്കുണ്ട്. കൂടിയിരുന്ന് തീരുമാനിക്കുന്ന എന്തെങ്കിലും നടപ്പാക്കുന്നുണ്ടോ എന്ന് ആരെങ്കിലും പിന്നീട് ചിന്തിക്കാറുണ്ടോ?

മറ്റൊരു കാര്യം, ദീപാവലി പോലെ തെരഞ്ഞെടുപ്പും ഇവർക്ക് ഒരു ആഘോഷമായി മാറിയിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പലതരത്തിലാണ് നേട്ടങ്ങൾ.

എത്ര നേതാക്കൾ സമീപകാലത്ത് മറ്റു പാർട്ടികൾ നിന്ന് ഇവിടേക്ക് വന്നു. പിന്നെ എന്താണ് അവരുടെ അവസ്ഥ. അവരെ കൂടി മുഖ്യധാരയിൽ കൊണ്ടുനടക്കാൻ തയ്യാറല്ല. ഒരാൾ വന്നാൽ ആ സ്പെയ്സ് കുറയുകയല്ലേ?

ഒന്നോ രണ്ടോ പ്രാവശ്യത്തിൽ കൂടുതൽ ആർക്കും സീറ്റ് കൊടുക്കരുത്. ഇഷ്ടം പോലെ യുവാക്കൾ ഉണ്ടല്ലോ?

അവരും മത്സരിക്കട്ടെ.

സന്ദീപ് വാര്യരെ പോലെ തൊലിപ്പുറത്ത് ആദർശം ഉള്ള ആമാശയവാദികളെ കുറിച്ചല്ല പറയുന്നത്. അത്തരക്കാരെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല.

കാരണം എന്താണ് ഈ പ്രസ്ഥാനം എന്നറിഞ്ഞുകൂടാത്ത ആളുകളാണ് പലരും. അങ്ങനെ ഉള്ളവരെ വെട്ടിമാറ്റി ശുദ്ധീകരിക്കണം. Rss നിയന്ത്രണം ഏറ്റെടുത്ത് ഇത്തിൾ കണ്ണികളെ എല്ലാം പറിച്ചെറിഞ്ഞ് കേരളത്തിലെ ബിജെപിയെ രക്ഷിക്കണം.

ഗ്രൂപ്പ് കളിച്ചാൽ രക്ഷയില്ല എന്ന് എല്ലാവർക്കും ബോധ്യമാകണം.

ഗ്രൂപ്പിൻറെ പേരിൽ വരുന്ന ഒരാൾക്ക് പോലും സ്ഥാനമാനങ്ങൾ ലഭിക്കരുത്.

എൻഡിഎയിലും ഇത്തരം ശുദ്ധീകരണം വേണം.

സഹോദര സംഘടന എന്ന് പറഞ്ഞാൽ പരസ്പരം സ്നേഹം ഉണ്ടായിരിക്കണം.

അല്ലാതെ കാര്യങ്ങൾ തുറന്നു പറയുന്നവരെ ഒഴിവാക്കുകയും പാര പണിയുകയും അല്ല വേണ്ടത്.

ആരുടെയും മുഖം കറുക്കുമെന്ന് വിചാരിച്ച് പറയാനുള്ളത് ഒരിക്കലും പറയാതിരുന്നിട്ടില്ല. ഇപ്പോൾ ഈ തുറന്നു പറച്ചിൽ വേണ്ടത് തന്നെയാണ് എന്ന് ഉറപ്പായതിനാലാണ് പറയുന്നത്.അതിൽ ആരെയും ഭയമില്ല.

കോവളത്ത് മത്സരിച്ചപ്പോൾ ഒപ്പം നിന്ന് തോൽപ്പിക്കാൻ ശ്രമിച്ച പലരെയും നേരിട്ട് അറിയാം. എന്നോടുള്ള എതിർപ്പ് ആയിരുന്നില്ല, ബിജെപിയുടെ പഞ്ചായത്ത് തലം മുതലുള്ള ഗ്രൂപ്പുകളിയും പരസ്പരമുള്ള പാരവയ്പ്പും അതിൽ പ്രതിഫലിച്ചിട്ടുണ്ട്,

വാർഡ് തലം മുതൽ പ്രവർത്തനം ശക്തമാക്കാതെ, വെറുതെ പ്രസംഗിച്ചിട്ട് കാര്യമില്ലല്ലോ?

തോൽവിയുടെ കാരണങ്ങൾ കൃത്യമായി അന്ന് മനസ്സിലായതാണ്. എന്നാൽ അത് ചർച്ച ചെയ്യാൻ ഒരു അവസരവും ലഭിച്ചിട്ടില്ല.

രാജ്യത്ത് ആകമാനം വർഷങ്ങളായി ദേശീയ ജനാധിപത്യ സഖ്യം നേടുന്ന വിജയത്തിളക്കം കേരളത്തിൽ ഉണ്ടാകാത്തതിന് ഒരു പ്രധാന കാരണം ഇത്തരം ചർച്ചകളും തിരുത്തലുകളും ഇല്ലാത്തതാണ്. തെരഞ്ഞെടുപ്പിൽ തോറ്റുകഴിഞ്ഞാൽ പരാജയകാരണം ചർച്ച ചെയ്യാനോ, തെറ്റുകൾ തിരുത്താനോ തയ്യാറാകുന്നില്ല.

പാലക്കാട്ടെ തോൽവിയിൽ ബിജെപിക്കോ, എൻഡിഎ കേരള ഘടകത്തിനോ ഞെട്ടാൻ ഒന്നുമില്ല. ആ തോൽവി ക്ഷണിച്ചുവരുത്തിയതാണ്. കെ. സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ ആയിരുന്നു പാലക്കാട് മത്സരിച്ചതെങ്കിൽ വിജയ സാധ്യത വളരെയേറെയായിരുന്നു. കൃഷ്ണകുമാർ മോശം സ്ഥാനാർത്ഥിയാണെന്നോ അദ്ദേഹത്തിൻറെ നേട്ടം ചെറുതാണെന്നോ അല്ല പറയുന്നത്.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ഉണ്ടായത് ഒരു മാതൃകയാണ്. ഒരു പുതുമുഖ സ്ഥാനാർത്ഥിയെ രംഗത്തിറക്കി നല്ല മത്സരം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. അത്തരക്കാർ സംഘടനയ്ക്ക് പ്രതീക്ഷയാണ്.

എടുത്തുപറയേണ്ട മറ്റൊരു അനുഭവം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ സംഭവിച്ചതാണ്. ഉറപ്പായും ജയിക്കേണ്ട സ്ഥാനാർഥിയായിരുന്നു രാജീവ് ചന്ദ്രശേഖർ. എന്നാൽ വേണ്ട വിധം പ്രവർത്തിക്കാൻ മുന്നണി​ക്ക് കഴിഞ്ഞോയെന്ന് എല്ലാവരും ആത്മപരിശോധന നടത്തണം.

കോൺ​ഗ്രസിന്റെ ബൂത്ത് തലത്തിലുള്ള പ്രവർത്തകർ മുതൽ നേതാക്കൾ വരെയായി ഏതാണ്ട് 1500ഓളം പേർ ഒരുമിച്ച് അംഗത്വം സ്വീകരിക്കാമെന്ന് അന്ന് ഞാനുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് പറഞ്ഞതാണ്. അത് എൻഡിഎ- ബിജെപി നേതാക്കളെ അറിയിക്കുകയും ചെയ്തു. എന്നാൽ നേതൃത്വത്തിൽ ചിലരുടെ താത്പര്യമില്ലായ്മ മൂലം ആത് നടന്നില്ല.

അന്ന് അത്രയും പേർ വന്നിരുന്നെങ്കിൽ തന്നെ ഉറപ്പായും തെരഞ്ഞെടുപ്പ് ചിത്രം മാറിയേനെ.

എൻഡിഎ കേരളഘടകം വൈസ് ചെയർമാൻ എന്ന നിലയിൽ തിരുവനന്തപുരത്തെ തോൽവിയുടെ കാരണം വിലയിരുത്തണമെന്ന് മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാതൊരു പ്രയോജനവും ഉ‌ണ്ടായില്ല.

തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ എന്തെങ്കിലും മുട്ടാപ്പോക്ക് പറഞ്ഞ് മുഖം രക്ഷിക്കുകയല്ല വേണ്ടത്. വീഴ്ചകൾ എന്തൊക്കെയാണെന്ന് വിലയിരുത്തി പോരായ്മകൾ പരിഹരിച്ച് മുന്നോട്ടുപോകണം.

മുന്നണിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ നേതൃത്വത്തിൽ പാകപ്പിഴകളുണ്ടായിട്ടുണ്ടെങ്കിൽ അത് അടിയന്തരമായി പരിഹരിക്കണം. ഘടകകക്ഷികളെ കൂടി വിശ്വാസത്തിലെടുത്തു മുന്നോട്ടു പോയെങ്കിൽ മാത്രമേ എൻഡിഎയ്ക്ക് കൂടുതൽ കരുത്താർജിക്കാൻ കഴിയൂ.

എൻഡിഎയുടെയും ബിജെപിയുടെയും ഓരോ ​നേതാക്കളും പ്രവർത്തകരും ഇത്തരമൊരു ആത്മവിമർശനത്തിന് തയ്യാറാകണം.

നേരത്തെ സൂചിപ്പിച്ചതുപോലെ സംഘം പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത് പ്രസ്ഥാനത്തെ താഴെത്തട്ട് മുതൽ കരുത്തുറ്റതാക്കി മുന്നോട്ടുപോയാൽ ഉറപ്പായും കേരളത്തിൽ ചരിത്രം സൃഷ്ടിക്കാം.

ഭാരത് മാതാ കീ ജയ്...

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്

ശീതകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ 16 സുപ്രധാന ബില്ലുകൾ അജൻഡയിൽ