ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ജലമേളയിൽ വിജയികളെ നിർണയിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ 100 പേർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാർ ഉൾപ്പടെ 100 പേർക്കെതിരെയാണ് കേസ്. നെഹ്റു പവിലിയൻ ഉപരോധിച്ചതിനും ഉദ‍്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
വിജയികളെ പ്രഖ‍്യാപിച്ചതിൽ അസംതൃപ്തരായവർ മത്സരശേഷം നെഹ്റു പവലിയനിലെ കസേരകൾ അടക്കം തകർത്തിരുന്നു. നാലുവള്ളങ്ങൾ പങ്കെടുത്ത ഫൈനലിൽ 4.29.785 മിനിറ്റിൽ ഫിനിഷ് ചെയ്താണ് അലൻ മൂന്നുതൈക്കൽ, എയ്ഡൻ മൂന്നുതൈക്കൽ, മനോജ് പി.പി എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്റു ട്രോഫി സ്വന്തമാക്കിയത്.
മത്സരത്തിൽ 4:29.785 സമയമെടുത്ത് കാരിച്ചാൽ ഫിനിഷ് ചെയ്തപ്പോൾ 4:29.790 സമയമെടുത്ത് വീയപുരം ഫിനിഷ് ചെയ്തു. ഫോട്ടോ ഫിനിഷിലാണ് ഫൈനൽ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസിലാകാത്ത വിധമാണ് മത്സരം അവസാനിച്ചതെങ്കിലും മൈക്രോ സെക്കന്‍റുകളുടെ വ‍്യത‍്യാസത്തിൽ കാരിച്ചാൽ ഒന്നാമതെത്തുകയായിരുന്നു.