ആലപ്പുഴ: ആവേശം കൊടിയേറി പുന്നമടക്കായലിൽ 69-ാം നെഹ്റു ട്രോഫി വള്ളം കളിക്ക് പാതാക ഉയർന്നു. ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യാനിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടർ ലാന്‍റ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് മന്ത്രി സജി ചെറിയാനാണ് വള്ളംകളി മത്സരങ്ങൾക്ക് ആരംഭം കുറിച്ച് പതാക ഉയർത്തി.
പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ ആവേശപ്പോരില്‍ അഞ്ച് ഹീറ്റ്സുകളില്‍ ഏറ്റവും കുറഞ്ഞ വേഗം കണ്ടെത്തുന്ന നാലെണ്ണമാണ് കലാശപ്പോരിനിറങ്ങുക. പ്രൊഫഷല്‍ തുഴച്ചില്‍കാരും ഇതരസംസ്ഥാനങ്ങളിലെ തുഴച്ചില്‍കാരും ഇത്തവണ ചുണ്ടൻ വള്ളങ്ങൾ തുഴയും.
ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ 20 ഡിവൈഎസ്പി, 50 ഇൻസ്പെക്ടർ, 465 എസ്ഐ എന്നിവരുൾപ്പടെ രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ കാര്യങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാർ, ജനപ്രതിനിധികൾ അടക്കം വള്ളംകളി കാണാനെത്തിയിട്ടുണ്ട്. പുന്നമടക്കായലിന്‍റെ തീരങ്ങള്‍ വള്ളംകളി പ്രേമികളുടെ ആവശത്തിമിര്‍പ്പിലാണ്. ആയിരക്കണക്കിന് ജനങ്ങളാണ് വള്ളംകളി കാണാനായി പുന്നമടക്കായലിന്‍റെ ഓരങ്ങളിൽ കാത്ത് നിൽക്കുന്നത്.