തിരുവനന്തപുരം: കെഎസ്ഇബി പൂർണമായും ഓൺലൈൻ സേവനങ്ങളിലേക്ക് മാറുന്നതിന്‍റെ ഭാഗമായി വൈദ്യുതി കണക്‌ഷനുള്ള അപേക്ഷയും ഇനി ഓൺലൈനായി സമർപ്പിക്കണം. പുതിയ കണക്‌ഷനും മറ്റ് സേവനങ്ങള്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ ഡിസംബർ ഒന്നു മുതല്‍ ഓണ്‍ലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്.
സെക്‌ഷൻ ഓഫീസില്‍ നേരിട്ടുള്ള പേപ്പർ അപേക്ഷകള്‍ പൂർണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയില്‍ മാത്രം അപേക്ഷകള്‍ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെഎസ്‌ഇബി അറിയിച്ചു.
അപേക്ഷാ ഫോം കെഎസ്‌ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ www.kseb.in ല്‍ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്. അപേക്ഷാ ഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റനുസരിച്ചുള്ള പണമടച്ചാല്‍ ഉടൻ സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ്‌എംഎസ്/ വാട്സാപ്പ് സന്ദേശമായി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓണ്‍ലൈനായി ട്രാക്ക് ചെയ്യാനും ഉപഭോക്താവിനു കഴിയുമെന്ന് അധികൃതർ അറിയിച്ചു.