നിമിഷപ്രിയ, തലാല്‍ അബ്ദുമഹ്ദി 
Kerala

യെമനിലേക്കു പോകണം: നിമിഷപ്രിയയുടെ അമ്മ വീണ്ടും ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അവിടേയ്ക്ക് പോകണമെന്ന ആവശ്യവുമായി അമ്മ പ്രേമ കുമാരി ഡല്‍ഹി ഹൈക്കോടതിയില്‍.

ശരീയത്ത് നിയമ പ്രകാരം മാത്രമേ മോചനം ലഭിക്കൂ എന്ന സാഹചര്യത്തില്‍ ചര്‍ച്ചയ്ക്കായി യമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് പ്രേമകുമാരിയുടെ ഹര്‍ജിയില്‍ പറയുന്നു. പ്രേമകുമാരിക്കും സേവ് നിമിഷപ്രിയ ഫോറത്തിന്‍റെ ഭാരവാഹികള്‍ക്കും യെമന്‍ സന്ദര്‍ശിക്കാനുള്ള സൗകര്യമൊരുക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ നേരത്തേ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാലാണ് പുതിയ ഹര്‍ജി. വ്യാഴാഴ്ച ഹര്‍ജി പരിഗണിച്ചേക്കും.

ശരീയത്ത് നിയമ പ്രകാരമുളള "ബ്ലഡ് മണി' കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്‍റെ കുടുംബം സ്വീകരിച്ചാലേ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുള്ളൂ. അതിന് തലാല്‍ അബ്ദുമഹ്ദിന്‍റെ കുടുംബവുമായി ചര്‍ച്ച ആവശ്യമാണ്. ഇതിനായാണ് നിമിഷപ്രിയയുടെ അമ്മ കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രനാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലെ വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം യെമനി കോടതി തള്ളിയിരുന്നു. ഇതിനെതിരായ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, അയാളുടെ വീട്ടുകാർ മാപ്പു നൽകിയാലല്ലാതെ അനുകൂല വിധിയുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പ്രേമ കുമാരി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

രാജ്യത്തിന്‍റെ ആദ്യ വന്ദേ മെട്രൊ സർവീസിന് തിങ്കളാഴ്ച തുടക്കം

പേരാമ്പ്ര ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍

ഉത്തർപ്രദേശ് മീററ്റിൽ കെട്ടിടം തകർന്നുവീണു; ഒരു കുടുംബത്തിലെ 10 പേർ മരിച്ചു

മാധ്യമപ്രവര്‍ത്തക പി.എസ്. രശ്മി അന്തരിച്ചു