നിപ: മലപ്പുറത്ത് 5 വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോൺ, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി file
Kerala

നിപ: മലപ്പുറത്ത് 5 വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോൺ, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും നിർദേശം

മലപ്പുറം: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. നിപ ബാധിച്ച് മരിച്ച 24കാരന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുള്ള പഞ്ചായത്തുകളിലായി 5 വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകളിലാണ് നിയന്ത്രണം. തിരുവാലിയിലെ 4, 5, 6, 7 വാർഡുകളും മമ്പാട് ഏഴാം വാർഡുമാണ് കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും.

ഈ വാർഡുകളിൽ തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും കലക്ടർ നിർദേശം നൽകി. ഇവിടങ്ങളിൽ മാസ്‌ക് നിര്‍ബന്ധമാക്കികൊണ്ട് ജില്ലാ ആരോഗ്യ വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു.

പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞയാഴ്ച്ച മരിച്ച 23 വയസുകാരനായ യുവാവിനാണ് ഞായറാഴ്ച നിപ സ്ഥിരീകരിച്ചത്. യുവാവിന്‍റെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ നിപ്പ പോസിറ്റീവ് ആയി സ്ഥിരീകരിച്ചിരുന്നു. കൂടാതെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഇതിന് പിന്നാലെയാണ് സാംപിളുകൾ പുനെ വൈറോളജി ലാബിലേക്ക് അയച്ചത്. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

യുവാവ് 4 സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.

അതേസമയം, മരിച്ച യുവാവിനെ കൂടാതെ തിരുവാലി പഞ്ചായത്തിൽ പനി ബാധിച്ച 3 പേർക്ക് കൂടി നേരത്തെ നിപ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ 2 പേരെ മഞ്ചേരി മെഡി. കോളെജിൽ പരിശോധയ്ക്കയച്ചു. ഇവരെ പ്രത്യേകം നിരീക്ഷിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. നിപ സംശയത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും തിരുവാലി പഞ്ചായത്തിൽ ഊര്‍ജിതമാക്കി.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?