കോഴിക്കോട്: നിപ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ. കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അനിശ്ചിതകാലത്തേക്ക് അടച്ചിടും.
ശനിയാഴ്ച ചേർന്ന അവലോകനത്തിന് ശേഷമാണ് തീരുമാനം. സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഒരു കാരണവശാലും വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുത്തരുതെന്നാണ് കലക്ടറുടെ ഉത്തരവ്. തിങ്കളാഴ്ച മുതൽ ഓൺലൈന്‍ ക്ലാസുകൾ മാത്രമായിരിക്കും നടക്കുന്നത്.
ട്യൂഷന്‍ സെറ്ററുകൾക്കും കോച്ചിങ് സെറ്ററുകൾക്കും നിയന്ത്രണം ബാധകമായിരിക്കും. എന്നാൽ പൊതു പരീക്ഷകൾ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അംഗനവാടികൾ, മദ്രസകൾ എന്നിവടങ്ങളിലും വിദ്യാര്‍ഥികൾ എത്തിച്ചേരേണ്ടതില്ല. ജില്ലാ പരീക്ഷകൾ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് സർക്കാർ നിർദേശം ലഭിക്കുന്ന മുറയക്ക് നടപടികൾ സ്വീകരിക്കുന്നതാണെന്നും കലക്‌ടർ അറിയിച്ചു.