തിരുവനന്തപുരം: ഓഫീസ് സമയത്ത് സർക്കാർ ഓഫീസുകളിൽ വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ വേണ്ടെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. സാംസ്‌കാരിക പരിപാടികൾക്ക് അടക്കം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം സ്ഥാപന മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്കും സർക്കാർ നിർദേശങ്ങൾക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങൾ നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഓഫീസ് സമയം അല്ലാത്തപ്പോള്‍ മാത്രമേ ഇത്തരം പരിപാടികള്‍ നടത്താവൂ. അല്ലാത്തപക്ഷം ഉത്തരവ് ലംഘിച്ചാല്‍ നടപടിയുണ്ടാകമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഓഫീസ് സമയത്ത് സാംസ്‌കാരിക പരിപാടികള്‍ പാടില്ലെന്ന് നേരത്തേ സര്‍വീസ് ചട്ടപ്രകാരം ഉത്തരവുണ്ടായിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റില്‍ അടക്കം ഓഫീസ് സമയത്ത് ഇത്തരം പരിപാടികള്‍ നടക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നതിനു പിന്നാലെയാണ് ഈ സര്‍ക്കാര്‍ നടപടി.