Kerala

കോട്ടയത്തെ ഭൂഗർഭ ശബ്‌ദം: 'തത്കാലം' ഭയം വേണ്ട, പക്ഷേ, അവഗണിക്കുകയുമരുത്

ഇത്തരം ശബ്ദങ്ങൾ കേരളത്തിലെ ചില പ്രദേശങ്ങളിൽ ഉണ്ടാകാറുണ്ട്. എന്നാൽ, ആഴത്തിൽ ഭ്രംശ രേഖകളുള്ള സ്ഥലങ്ങളിലാണ് ഇതുണ്ടാകുന്നത് എന്നതിനാൽ വിശദമായ പഠനങ്ങൾ ആവശ്യമാണ്.

# അജയൻ

കോട്ടയം ജില്ലയിലെ ചേനപ്പാടി ഗ്രാമത്തിൽ ഏതാനും ദിവസങ്ങളായി ഭൂമിക്കടിയിൽ നിന്ന് സ്ഫോടനസമാനമായ ശബ്ദങ്ങൾ കേൾക്കുന്നതിൽ തത്കാലം ഭയക്കാനില്ലെന്ന് ഭൗമ ശാസ്ത്രജ്ഞർ. എന്നാൽ, ഭൂഗർഭ പഠനങ്ങൾ ഉടനടി ആരംഭിക്കണമെന്നും, ശബ്ദത്തിന്‍റെ തീവ്രത വർധിച്ചാൽ ജനങ്ങൾക്കു ജാഗ്രതാ നിർദേശം നൽകണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.

കേരളത്തിലെ പല സ്ഥലങ്ങളിലും ഇത്തരം ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നും ചേനപ്പാടിയിൽ മാത്രം സംഭവിക്കുന്നതല്ലെന്നുമാണ് നാഷണൽ സെന്‍റർ ഫൊർ എർത്ത് സയൻസ് സ്റ്റഡീസിൽ പ്രവർത്തിച്ചിട്ടുള്ള മുതിർന്ന ജിയോളജിസ്റ്റ് ജോൺ മത്തായി മെട്രൊ വാർത്തയോടു പറഞ്ഞത്.

കേരളത്തിൽ ഭൗമോപരിതലത്തിന് ഏറെ അടിയിലായി ഭ്രംശ മേഖലകളുണ്ട്. ഇതിന്‍റെ അനുരണനങ്ങൾ ഉപരിതലത്തിലും അനുഭവപ്പെടുന്നത് ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കും. ഇന്ത്യയുടെ പടിഞ്ഞാറൻ തീരം ഇപ്പോഴും കടലിൽനിന്ന് ഉയർന്നുകൊണ്ടിരിക്കുന്ന മേഖലയാണ്. തീരദേശത്ത് ഉടനീളം ഉള്ളിൽനിന്നുള്ള സമ്മർദമാണ് ഇതിനു കാരണം. ഇതുകാരണം പരിമിതമായ ചലനങ്ങളുണ്ടാകുകയും അതിൽപ്പെട്ട് പാറക്കല്ലുകൾ ഞെരിയുകയും ചെയ്യും. സ്ലാബുകൾ നീങ്ങുന്നതിനോടാണ് ജോൺ മത്തായി ഇതിനെ ഉപമിക്കുന്നത്. ഒരു സ്ലാബ് മറ്റൊന്നുമായി കൂട്ടിയുരസുമ്പോൾ അരികുകൾ പൊടിയുകയും ശബ്ദമുണ്ടാകുകയും ചെയ്യും. ഇത്തരത്തിൽ കല്ലുകൾ പൊടിയുന്ന ശബ്ദമാകാം ഭൂമിക്കടിയിൽനിന്നു കേൾക്കുന്നത്.

ഒരു സ്ലാബ് മറ്റൊന്നുമായി കൂട്ടിയുരസുമ്പോൾ അരികുകൾ പൊടിയുകയും ശബ്ദമുണ്ടാകുകയും ചെയ്യും. ഇത്തരത്തിൽ കല്ലുകൾ പൊടിയുന്ന ശബ്ദമാകാം ഭൂമിക്കടിയിൽനിന്നു കേൾക്കുന്നത്.
ജോൺ മത്തായി

1850കളിൽ കോട്ടയത്തെ ഈ മേഖല ഭൂചലന സാധ്യതയുള്ള സ്ഥലമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പിന്നെയൊരു നൂറു വർഷത്തേക്ക് കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. 1953ൽ നേരിയ ചില ഭൗമ ചലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നീട് 2001ൽ ഈരാറ്റുപേട്ട മേഖലയിൽ കുറച്ചുകൂടി ശക്തമായ ചലനങ്ങളുണ്ടായി. ഈരാറ്റുപേട്ടയിൽനിന്ന് 20 കിലോമീറ്റർ മാത്രം അകലെയാണ് ചേനപ്പാടി എന്നതും ശ്രദ്ധേയമാണ്. ഭൗമശാസ്ത്ര സങ്കേതങ്ങളിൽ ഇതിനെ അകലമെന്നല്ല, അടുത്ത് എന്നേ പറയാൻ കഴിയൂ.

ഭാവിയിൽ സംഭവിക്കാവുന്ന വലിയ ചലനങ്ങളുടെ സൂചനകളാണ് ഇപ്പോൾ കേൾക്കുന്നതെന്നും കരുതാവുന്നതാണ്. എന്നാൽ, കേരളത്തെ സംബന്ധിച്ച്, ഇത്തരത്തിൽ രൂപപ്പെടുന്ന ഏതു ഭൗമ സമ്മർദങ്ങളും ചെറു ചലനങ്ങളായി അവസാനിക്കുകയല്ലാതെ വലിയ ഭൂകമ്പങ്ങളായി മാറിയ ചരിത്രമില്ലെന്നും ജോൺ മത്തായി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഭ്രംശരേഖകൾ സജീവമാകുന്നതിന്‍റെ സൂചനകളായി ഈ ഭൂഗർഭ ശബ്ദങ്ങളെ കാണാതിരിക്കാനും കഴിയില്ല. മൂവാറ്റുപുഴ മുതൽ വടക്കു പടിഞ്ഞാറ് ദിശയിൽ ഒരു ഭ്രംശ മേഖലയുണ്ട്. ഇത് മേഖലയിലെ കല്ലുകൾ മറ്റു കല്ലുകളിൽ നിന്നു വ്യത്യസ്തമായ തരത്തിൽ ഒരു ചിറ പോലെ നീളത്തിൽ കിടക്കുന്നു. കല്ലുകൾ തമ്മിലുള്ള ഈ വ്യത്യാസം കാരണം സമ്മർദമുണ്ടായാൽ വലിയ ശബ്ദങ്ങൾ കേൾക്കും.

ഇതുകാരണം മുണ്ടക്കയം ഭാഗത്ത് മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും ജോൺ മത്തായി. പൊൻകുന്നത്തിനും കാഞ്ഞിരപ്പള്ളിക്കും ഇടയിൽ മണിമലയാറിനോടു ചേർന്നു കിടക്കുന്ന മേഖലയാണിത്. കുന്നുകളും താഴ്‌വരകളുമുള്ള പരുക്കൻ ഭൂപ്രദേശം. എങ്കിലും സമീപ ഭാവിയിൽ ആശങ്കയ്ക്കു വകയില്ലെന്നു തന്നെ അദ്ദേഹം അഭിപ്രായപ്പെടുന്നു.

കേരളം അടക്കം പലയിടത്തും ഇത്തരം ശബ്ദങ്ങൾ സാധാരണമാണെന്നാണ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ പ്രവർത്തിക്കുന്ന ജിയോളജിസ്റ്റ് സി.പി. രാജേന്ദ്രനും പറയുന്നത്. ഇന്ത്യൻ ഭൂകമ്പങ്ങളെക്കുറിച്ചും ഭൗമാന്തർ ചലനങ്ങളെക്കുറിച്ചുമാണ് അദ്ദേഹം പ്രധാനമായും ഗവേഷണങ്ങൾ നടത്തിയിട്ടുള്ളത്. നദിയോടു ചേർന്നു കിടക്കുന്ന പ്രദേശമാണ് ചേനപ്പാടിയെന്നും, കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ കാര്യമായി മഴ പെയ്തിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2018ലെ മഹാപ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്നു കൂടിയായിരുന്നു ഇതെന്നും രാജേന്ദ്രൻ മെട്രൊ വാർത്തയോടു പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയും മണിമലയാറ്റിലേക്കുള്ള നീരൊഴുക്കും കാരണം ഭൂഗർഭ ജല വിതാനത്തിൽ കാര്യമായ വ്യത്യാസങ്ങളുണ്ടായിരിക്കാനും, ഇതു കാരണം മണ്ണൊലിപ്പുണ്ടായിരിക്കാനും സാധ്യതയുണ്ട്. ഉപരിതലത്തിൽ ഇത്തരത്തിൽ ഒന്നും ദൃശ്യമായിക്കൊള്ളണമെന്നില്ല. ഈ മണ്ണൊലിപ്പ് ഭൂമിക്കടിയിലും നടക്കും. വിശദമായ ശാസ്ത്രീയ പഠനങ്ങൾ തന്നെ ഇതെക്കുറിച്ച് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

ഭ്രംശ മേഖലകളിലൂടെ ഭൂഗർഭ ജലം ഒഴുകുന്നത് ലൂബ്രിക്കന്‍റ് പോലെ പ്രവർത്തിച്ച് ഘർഷണം കുറയ്ക്കുന്നതു കാരണം ചില ചലനങ്ങളുണ്ടാകാം. ഇത് വേർതിരിച്ചറിയാൻ സ്ഥലത്ത് പഠനം നടത്തണം.
സി.പി. രാജേന്ദ്രൻ

ഭ്രംശ മേഖലകളിലൂടെ ഭൂഗർഭ ജലം ഒഴുകുന്നത് ലൂബ്രിക്കന്‍റ് പോലെ പ്രവർത്തിച്ച് ഘർഷണം കുറയ്ക്കുന്നതു കാരണം ചില ചലനങ്ങളുണ്ടാകാം. ഇത് വേർതിരിച്ചറിയാൻ സ്ഥലത്ത് പഠനം നടത്തണം. ആഴത്തിലുള്ള ഭ്രംശ രേഖകളിൽനിന്നു വരുന്ന ശബ്ദവും ഭൂഗർഭജലത്തിന്‍റെ ഒഴുക്ക് കാരണമുണ്ടാകുന്ന ശബ്ദവും വ്യത്യസ്തമായിരിക്കും. ഇതു വർഗീകരിച്ച് പഠിച്ചാൽ മാത്രമേ പ്രദേശത്ത് ദുരന്ത സാധ്യത എത്രമാത്രമുണ്ടെന്നും മുൻകരുതൽ നടപടകൾ ഏതളവ് വരെ ആവശ്യമുണ്ടെന്നും മനസിലാക്കാൻ സാധിക്കൂ.

ഒറ്റ ഇന്നിങ്സിൽ കേരളത്തിന്‍റെ 10 വിക്കറ്റും വീഴ്ത്തി ഹരിയാന ബൗളർ | Video

3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു

ഡെപ്യൂട്ടി കലക്റ്റർക്കെതിരേ ബലാത്സംഗ‌ത്തിനു കേസ്

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില