തിരുവനന്തപുരം: പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം നിർമിക്കാൻ നഗരപരിധിയിൽ സ്ഥലം കണ്ടെത്തുന്നത് സംസ്ഥാന സർക്കാരിനു വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് സെക്രട്ടേറിയറ്റിലെ ഭരണ പരിഷ്ക്കാരത്തെക്കുറിച്ച് പഠിച്ച വി.എസ്. സെന്തിൽ അധ്യക്ഷനായ സമിതി.
സ്ഥലപരിമിതിയുള്ളതിനാൽ, പാളയത്തു നിന്ന് 5 കിലോമീറ്റർ അകലെ സ്ഥലം കണ്ടെത്തി സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന ഭരണപരിഷ്ക്കാര കമ്മിഷന്റെ ശുപാർശ നിലവിൽ നടപ്പാക്കേണ്ടതില്ലെന്നാണ് സമിതി നിര്‍ദേശം. പുതിയ കെട്ടിടത്തിനു സ്ഥലം കണ്ടെത്തിയാൽ ആ സ്ഥലത്തെ മിനി ടൗൺഷിപ്പായി വികസിപ്പിക്കേണ്ടി വരും. ക്വാർട്ടേഴ്സുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ അനുബന്ധ സൗകര്യമൊരുക്കണം. ഇതിനു നിരവധി വർഷങ്ങൾ വേണ്ടിവരും.
ഇപ്പോഴത്തെ കെട്ടിടം ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗിക്കാനുള്ള പ്രവൃത്തികൾ ചെയ്യണം. പൈതൃകം ഉറപ്പുവരുത്തി ശാസ്ത്രീയമായി റീ മോഡലിങ് ചെയ്താൽ സെക്രട്ടേറിയറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വരില്ല.
പൈതൃക മന്ദിരങ്ങൾ അറ്റകുറ്റപ്പണികൾ ചെയ്തിട്ടുള്ള ഏജൻസിയെ ഇതിനു ചുമതലപ്പെടുത്തണം. നിയമസഭയിൽ നിന്ന് വളരെ അകലെ സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നത് ഉദ്യോഗസ്ഥർക്ക് പ്രയാസം സൃഷ്ടിക്കും- റിപ്പോർട്ടിൽ പറയുന്നു.