തിരുവനന്തപുരം: വിവിധ ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന എഡി ജിപി എം.ആര്‍. അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നല്‍കേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്‍റെ നിര്‍ദേശം. അന്വേഷണം നേരിടുന്നതിനാല്‍ മെഡല്‍ തത്കാലം നല്‍കേണ്ടെന്നാണ് ഡിജിപിയുടെ തീരുമാനം. അജിത് കുമാറിന് ഇനി ഒരു അറിയിപ്പ് വരുന്നതുവരെ പൊലീസ് മെഡൽ നൽകേണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്. ഇന്ന് മുഖ്യമന്ത്രിയുടെ മെഡല്‍ ദാന ചടങ്ങ് നടക്കാനിരിക്കെയാണ് പൊലീസ് മേധാവിയുടെ നടപടി. അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ അജിത്ത് കുമാറിന് മെഡല്‍ നല്‍കേണ്ടെന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കത്തയക്കുകയായിരുന്നു.
പൊലീസ് മെഡല്‍ പ്രഖ്യാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് മെഡല്‍ നല്‍കാറില്ല. തൃശൂര്‍ പൂരം കലക്കല്‍, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജി പിയായിരുന്ന അജിത്ത് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയത്. വിവിധ ആരോപണങ്ങളില്‍ അദ്ദേഹത്തിനെതിരേ അന്വേഷണവും നടക്കുന്നുണ്ട്.
രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 267 പേർക്കാണ് ഇത്തവണ പൊലീസ് മെഡൽ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ, സൈബർ ഡിവിഷൻ സൂപ്രണ്ട് ഹരിശങ്കർ എന്നിവരായിരുന്നു മെഡലിന് അര്‍ഹരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍. സിവിൽ പൊലിസ് ഉദ്യോഗസ്ഥർ മുതൽ എഡിജിപി വരെയുള്ളവരെയാണ് പൊലീസ് മെഡലിനായി പരിഗണിക്കുന്നത്. കുറ്റാന്വേഷണം, ക്രമസമാധാനം, സൈബർ അന്വേഷണം, ബറ്റാലിയൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരെ മെഡലിന് പരിഗണിച്ചിട്ടുണ്ട്.