കൊല്ലം: നടക്കാനിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമായിരിക്കും ഉണ്ടാവുകയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞവർഷം വിവാദമുണ്ടായതിനാലാണ് ഈ നിലപാട് ഇപ്പൊഴേ പ്രഖ്യാപിക്കുന്നത്. ഈ കാര്യത്തിൽ ആർക്കും സംശയം വേണ്ടാ- കലോത്സവ സംഘാടക സമിതി യോഗത്തിൽ മന്ത്രി അറിയിച്ചു.
"അടുത്ത വർഷം എന്തായാലും നോൺ വെജ് ഉണ്ടാകുമെന്നും ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ടെന്നും'' ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും ശിവൻകുട്ടി കഴിഞ്ഞവർഷം പറഞ്ഞിരുന്നു. സ്കൂൾ കായികമേളയിൽ രണ്ടുതരം ആഹാരവും വിളമ്പാറുണ്ടെന്നും അത് കലോത്സവത്തിലും നടപ്പാക്കാൻ പ്രശ്നമൊന്നുമില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ആ നിലപാട് തിരുത്തുന്നതാണ് പുതിയ പ്രസ്താവന.
സസ്യഭക്ഷണം മാത്രം വിളമ്പുന്നത് "ബ്രാഹ്മണിക്കൽ മേധാവിത്വ'മാണെന്ന് വിമർശനം ഉയർന്നതിനു പിന്നാലെ, ഇനി സ്കൂൾ കലോത്സവത്തിൽ ഭക്ഷണം വിളമ്പാൻ താനുണ്ടാകില്ല എന്ന് പഴയിടം മോഹനൻ നമ്പൂതിരിയും പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞദിവസം എറണാകുളം ജില്ലാ ശാസ്ത്രമേളയുടെയും സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെയും പാചകം പഴയിടം ഏറ്റെടുത്തിരുന്നു.
കലോത്സവ റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ശിവൻകുട്ടി യോഗത്തിൽ പറഞ്ഞു. അക്രഡിറ്റേഷനുള്ള പത്രക്കാർക്ക് പാസുകൾ നൽകും. നവമാധ്യമങ്ങളുടെയും യൂട്യൂബർമാരുടെയും കാര്യം ആലോചിച്ചു ചെയ്യേണ്ടതാണ്. മാധ്യമങ്ങൾക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടായിരിക്കില്ല- അദ്ദേഹം പറഞ്ഞു.