തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നൽ പരിശോധന. ഒരേ സമയം 75 എക്സൈസ് ഓഫീസുകളിലായി ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് പരിശോധന നടന്നത്. സംസ്ഥാനത്തെ വിവിധ എക്സൈസ് ഓഫീസുകളിൽ അഴിമതികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് മന്നൽ പരിശോധന ആരംഭിച്ചത്.
"ഓപ്പറേഷന്‍ കോക്ക്ടെയിൽ" എന്ന പേരിലാണ് പരിശോധന പുരോഗമിക്കുന്നത്. സംസ്ഥാനത്തെ 14 എക്സൈസ് ഡിവിഷനുകളിൽ, തിരഞ്ഞെടുത്ത 16 എക്സൈസ് സർക്കിൾ ഓഫീസുകൾ, 45 റോഞ്ച് ഓഫീസുകൾ, 75 ഓളം എക്സൈസ് ഓഫീസുകൾ എന്നിവിടങ്ങളിലാണ് വിജിലന്‍സ് സംഘം ഓരോ സമയം മിന്നൽ പരിശോധന നടത്തിയത്.
ഓണക്കാലത്തെ പരിശോധന ഒഴിവാക്കുന്നതിനു വേണ്ടി ചില ബാർ- കള്ളുഷാപ്പ് ഉടമകൾ എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽക്കുന്നുവെന്നും, പെർമിറ്റ് നിബന്ധനകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന മദ്യശാലകൾക്ക് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്നും വിവിരം ലഭിച്ചിരുന്നു. വിജിലന്‍സ് ഡയറക്‌ടർ ടി.കെ. വിനോദ്കുമാറിന്‍റെ ഉത്തരവ് പ്രകാരം വിജിലന്‍സ് ഐജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിലാണ് പരിശോധന നടക്കുന്നത്.