തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗണ്ഡമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് മർദിച്ച വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാതെ സ്പീക്കർ. ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്. എന്നാൽ വിഷയം സമീപകാലത്തുണ്ടായതല്ലെന്നും കോടതി പരിഗണനയിലുള്ള വിഷയമായതിനാൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്.
ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സ്പൂക്കറുടെ ചേമ്പറിന് മുന്നിലെത്തി ബഹളമുണ്ടാക്കിയതിന് പിന്നാലെയായിരുന്നു ഇറങ്ങിപ്പോക്ക്. സ്പീക്കറുടെ നിലപാട് ന്യായമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഗണ്മാനും സെക്യൂരിറ്റി ഉദ്യോഗസ്ഥനും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. അന്വേഷണത്തോട് ഇവർ സഹകരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.