വേദനിപ്പിച്ചാൽ കടുത്ത വില നൽകേണ്ടി വരും: ഓർത്തഡോക്‌സ് സഭ 
Kerala

വേദനിപ്പിച്ചാൽ കടുത്ത വില നൽകേണ്ടി വരും: ഓർത്തഡോക്‌സ് സഭ

സർക്കാരിനെതിരേ അതിരൂക്ഷ വിമർശനം

കോട്ടയം: മലങ്കര സഭയിലെ യാക്കോബായ- ഓർത്തഡോക്സ് തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരേ അതിരൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. ക്രമസമാധാന പ്രശ്നം എന്ന ഓമനപ്പേരിട്ട് വിധി നടപ്പിലാക്കാതിരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും എല്ലാ പരിധിയും ലംഘിച്ചെന്നും ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പൊലീത്ത.

സുപ്രീം കോടതി വിധി നടപ്പിലാക്കാൻ കീഴ്ക്കോടതികളുടെ ഉത്തരവ് പലതവണ ഉണ്ടായിട്ടും അതിനെ നിരാകരിക്കുന്ന സർക്കാർ സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല. വിധി നടപ്പാക്കാൻ പൊലീസ് സഹായം നൽകണമെന്ന കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച അപ്പീൽ തള്ളിയ സാഹചര്യത്തിൽ സുപ്രീം കോടതിയിലേക്ക് കേസുമായി പോകുന്ന കേരള സർക്കാർ നിലപാട് ആശങ്ക ഉളവാക്കുന്നതാണ്. സഭാ വിഷയം തീർക്കാൻ സുപ്രീം കോടതി വിധിയോട് ചേർന്ന് ക്രിയാത്മക സമീപനം സ്വീകരിക്കേണ്ട സർക്കാർ ഒരു വിഭാഗത്തിന് ഒത്താശ ചെയ്തു കൊടുക്കാൻ വ്യഗ്രത കാണിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. തമ്മിലടിപ്പിച്ച് കാര്യം നേടാൻ നടത്തുന്ന ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ- ദേവലോകം അരമനയിൽ വാർത്താ സമ്മേളനത്തിൽ മെത്രാപ്പൊലീത്ത പറഞ്ഞു.

നിയമം എന്തെന്ന് മനസിലാക്കാനുള്ള പരിജ്ഞാനം പോലും സർക്കാരിനില്ല. ഒരു വിശ്വാസിക്ക് പോലും ആരാധനാ സ്വാതന്ത്ര്യം ഓർത്തഡോക്സ് സഭ നിക്ഷേധിച്ചിട്ടില്ല. എന്നിട്ടും സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാർ മടി കാണിക്കുന്നത് എന്തുകൊണ്ടെന്ന് പറയണം. ഇതിലൂടെ കേരള സമൂഹത്തെ എന്താണ് പഠിപ്പിക്കുന്നതെന്നും പറയണം. ക്രമസമാധാന പ്രശ്നം എന്ന ഓമനപ്പേരിട്ട് വിധി നടപ്പിലാക്കാതിരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. എല്ലാ പരിധിയും അവർ ലംഘിച്ചു. സെമിത്തേരി ബില്ല്, ചർച്ച് ബില്ല് തുടങ്ങി ഒരോന്നും കൊണ്ടുവന്ന് നഗ്നമായും ക്രൂരമായുമുള്ള സർക്കാർ ഇടപെടൽ എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. സർക്കാരിന്‍റെ ഔദാര്യം വേണ്ടാ. നീതി നടപ്പിലാക്കിയില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് പോകും- ഓർത്തഡോക്സ് സഭാ പ്രതിനിധികൾ ഓർമിപ്പിച്ചു.

സഭ കടുത്ത നിലപാടെടുക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. സർക്കാരിനെ സഭയ്ക്ക് ഭയമില്ല. സഭയെ വേദനിപ്പിച്ചാൽ വരുന്ന ഉപ തെരഞ്ഞെടുപ്പുകളിൽ കടുത്ത വില നൽകേണ്ടി വരും. സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റ് റോണി എബ്രഹാം വർഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭ വക്താവ് ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്കോപ്പാ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ