ടൂറിസം ഓവറായി, കേരളത്തിലേക്ക് ഇനി പോകരുത്; ഫോഡോഴ്സ് 'നോ ടു ലിസ്റ്റി'ൽ ഇടം പിടിച്ച് കേരളം 
Kerala

ടൂറിസം ഓവറായി, കേരളത്തിലേക്ക് ഇനി പോകരുത്; ഫോഡോഴ്സ് 'നോ ടു ലിസ്റ്റി'ൽ ഇടം പിടിച്ച് കേരളം

2023ൽ 21.‌8 ദശലക്ഷം ഡൊമസ്റ്റിക് വിനോദസഞ്ചാരികളും 6,49,057 വിദേശ വിനോദസഞ്ചാരികളുമാണ് കേരളത്തിലെത്തിയത്.

ലോകം മുഴുവനുമുള്ള വിനോദസഞാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് കേരളം. പക്ഷേ അതേ കാരണം തന്നെ ഇപ്പോൾ തലവേദനയായി മാറിയിരിക്കുകയാണ് കേരളത്തിന്. ടൂറിസം ആവശ്യത്തിൽ കൂടുതൽ ആയതിനാൽ 2025ൽ പോകാൻ പാടില്ലാത്ത സ്ഥലങ്ങളുടെ പട്ടികയിലാണിപ്പോൾ കേരളത്തിന് സ്ഥാനം. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോഡോഴ്സാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 15 സ്ഥലങ്ങളെ ഉൾപ്പെടുത്തി നോ ടു ലിസ്റ്റ് 2025 പുറത്തു വിട്ടിരിക്കുന്നത്. ടൂറിസം അധികമായതിനാൽ കേരളത്തിൽ പ്രകൃതിക്ഷോഭങ്ങൾ വർധിക്കുന്നുവെന്നും നിർമാണപ്രവർത്തനങ്ങൾ നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്നുവെന്നുമാണ് ഇതിനു കാരണമായി ഫോഡോഴ്സ് ചൂണ്ടിക്കുന്നത്. ഇനിയന്ത്രിതമായ നിർമാണങ്ങൾ കേരളത്തിലെ പരിസ്ഥിതിക്കും അവിടത്തെ ജനങ്ങൾക്കും ദോഷം ചെയ്യുന്നതാണെന്നും ഫോഡോഴ്സ് പറയുന്നു.

പ്രകൃതി ക്ഷോഭങ്ങൾ തുടർക്കഥയാകുന്നു

2023ൽ 21.‌8 ദശലക്ഷം ഡൊമസ്റ്റിക് വിനോദസഞ്ചാരികളും 6,49,057 വിദേശ വിനോദസഞ്ചാരികളുമാണ് കേരളത്തിലെത്തിയത്. ഈ വർഷത്തെ കണക്കുകൾ അതിലും കൂടുമെന്നതിൽ സംശയമില്ല. സംസ്ഥാനത്തിന്‍റെ ജിഡിപിയിൽ 10 ശതമാനവും ടൂറിസത്തിൽ നിന്നാണ്. കേരളത്തിന്‍റെ സാമ്പത്തികമേഖലയെ പിടിച്ചു നിർത്തുന്നതിൽ ടൂറിസം വലിയ പങ്കു വഹിക്കുന്നുണ്ട്. എന്നാൽ 2015 മുതൽ 2022 വരെയുള്ള കണക്കെടുത്താൻ ഇന്ത്യയിലെ 3,782 ഉരുൾപൊട്ടലുകളിൽ 60 ശതമാനവും കേരളത്തിലാണ് സംഭവിച്ചത്. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തം ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ ഇടം പിടിച്ചതാണ്.

മലിനമാകുന്ന വേമ്പനാട് കായൽ

കേരളത്തിന്‍റെ കായൽ ടൂറിസത്തിന്‍റെ നട്ടെല്ലാണ് വേമ്പനാട് കായൽ. പക്ഷേ പ്രളയവും അനധികൃത കെട്ടിട നിർമാണവും നിയന്ത്രണമില്ലാത്ത വിനോദസഞ്ചാരവുമെല്ലാം ചേർന്ന് വേമ്പനാട് നശിച്ചു കൊണ്ടിരിക്കുകയാണെന്ന് ഫോഡോഴ്സ് പറയുന്നു. നെൽകൃഷിയായിരുന്നു ആദ്യകാലത്ത് ഇിടത്തെ ജീവനോപാധിയെങ്കിൽ ഇപ്പോഴത് ഹൗസ് ബോട്ടുകൾ ആയി മാറിയിരിക്കുകയാണ്. ഹൗസ് ബോട്ടുകളിൽ നിന്നുള്ള മലിനജലവും മറ്റും കായലിനെ മലിനമാക്കിക്കൊണ്ടിരിക്കുകയാണ്. കായലിൽ സമൃദ്ധമായിരുന്നു മത്സ്യങ്ങൾ വംശനാശത്തിലേക്ക് കൂപ്പു കുത്തുന്നു. ഇത്തരത്തിൽ തുടരുകയാണെങ്കിൽ 8 ദശലക്ഷം വരുന്ന ജനങ്ങളുടെ ജീവിതം ദുരിതത്തിലാകുമെന്ന് യൂണിവേഴ്സിറ്റി ഫോർ ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് നടത്തിയ പഠനം മുന്നറിയിപ്പ് നൽകുന്നുണ്ട്.

കേരളത്തിനു പുറമേ ഇന്തോനേഷ്യയിലെ ബാലി, തായ്ലൻഡിലെ കോ സമുയി, എവറസ്റ്റ് പർവതം, ഇറ്റലിയിലെ സിസിലി, ബ്രിട്ടിഷ് വെർജിൻ ദ്വീപുകൾ, ജപ്പാനിലെ ക്യോട്ടോ, ടോക്യോ, മെക്സിക്കോയിലെ ഓക്സാകാ, സ്കോട്ലൻഡ് നോർത് കോസ്റ്റ് 500 , എന്നിവയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ജന്മദിനാഘോഷത്തിനിടെ വിദ്യാർഥി അബദ്ധത്തിൽ സ്വയം വെടിവച്ചു മരിച്ചു

മുനമ്പം വിഷയം; തർക്ക പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം

സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെ ഗോൾക്കടലിൽ മുക്കി കേരളം

ചൂണ്ടുവിരലിലല്ല; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മഷി പുരട്ടുക ഇടത് നടുവിരലിൽ

പാലക്കാട് അമിത വേഗത്തിലെത്തിയ കാറിടിച്ച് വയോധികർക്ക് ദാരുണാന്ത്യം; ഡ്രൈവർ പൊലീസ് പിടിയിൽ