ന്യൂഡൽഹി: അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കറുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി നടത്തിയതിന് ശേഷമാണ് പദ്മജ ബിജെപി ഓഫീസിലെത്തിയത്. കോൺഗ്രസ്- ബിജെപി സ്ഥാനാർഥിപ്പട്ടിക പുറത്തു വരാൻ ഇരിക്കേയാണ് പത്മജയുടെ കാലുമാറ്റം.
കോൺഗ്രസ് തന്നെ നിരന്തരമായി അവഗണിക്കുന്നതായി പത്മജ ആരോപിച്ചിരുന്നു. കഴിഞ്ഞ തവണ തൃശൂരിൽ കോൺഗ്രസിന്‍റെ സ്ഥാനാർഥിയായിരുന്നു പത്മജ. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നുവെങ്കിലും ഫെയ്സ്ബുക്കിലൂടെ പത്മജ ഇക്കാര്യം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി വിടുന്നത് സ്ഥിരീകരിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പദ്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനം കോൺഗ്രസിന് കനത്ത ആഘാതമാണ് നല്‍കിയത്. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി. കെ.മുരളീധരന്‍റെ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോൾ ചിരിയാണ് വരുന്നതെന്നും പത്മജ പറഞ്ഞു. ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ ചടങ്ങിൽ ടോം വടക്കൻ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. പത്മജയുടെ ബിജെപി പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തി.