കൊച്ചി: ഗുഡ്‌സ് ട്രെയിൻ കടന്നുപോകാൻ വേണ്ടി പാലരുവി എക്സ്പ്രസ് ഒരു മണിക്കൂറോളം പിടിച്ചിട്ടു. കൺട്രോളിംഗിലെ പിഴവിൽ പകുതി ശമ്പളം നഷ്ടമായത് സ്ഥിരം യാത്രക്കാരായ നൂറുകണക്കിന് ജീവനക്കാർക്ക്. സമയത്ത് ഓഫീസിലെത്താൻ ഇവർക്കാർക്കും സാധിച്ചില്ല.
വന്ദേഭാരത് സർവീസ് നടത്താത്ത വ്യാഴാഴ്ച ദിവസങ്ങളിൽ പാലരുവി കൃത്യസമയം പാലിക്കുമെന്ന് പ്രതീക്ഷിച്ച് പുലർച്ചെയുള്ള മെമു ഉപേക്ഷിച്ച് പാലരുവിയെ ആശ്രയിച്ചവരും ഇതോടെ ബുദ്ധിമുട്ടിലായി.
കൊല്ലം എറണാകുളം പാതയിൽ ആയിരക്കണക്കിന് ജീവനക്കാർ ആശ്രയിക്കുന്ന പാലരുവി എക്സ്പ്രസാണ് വ്യാഴാഴ്ച എറണാകുളം ടൗണിലെ യാർഡിൽ പിടിച്ചിട്ടത്. ഇതിന് ശേഷം ഗുഡ്‌സ് ട്രെയിന് ടൗൺ സ്റ്റേഷനിലേയ്ക്ക് സിഗ്നൽ നൽകുകയായിരുന്നു. ഗുഡ്‌സ് ട്രെയിൻ കടന്നുപോയി പിന്നെയും 40 മിനിറ്റുകൾക്ക് ശേഷമാണ് പാലരുവിയ്‌ക്ക് സിഗ്നൽ നൽകിയത്.
എന്നാൽ, പാലരുവി എക്സ്പ്രസ് ടൗൺ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ പ്രവേശിച്ചപ്പോഴും സ്റ്റേബിൾ ലൈനിൽ ഗുഡ്‌സ് ട്രെയിൻ വിശ്രമിക്കുകയായിരുന്നു. പാലരുവി കടന്നുപോയി അരമണിക്കൂറിന് ശേഷമുള്ള 12076 കോഴിക്കോട് ശതാബ്ദിയിലെത്തുന്ന ജീവനക്കാരാണ് ഗുഡ്സ് ട്രെയിൻ ഓപറേറ്റ് ചെയ്യേണ്ടിയിരുന്നത്. കൺട്രോളിംഗ് വിഭാഗത്തിലുണ്ടായ ആശയക്കുഴപ്പമാണ് ഗുഡ്‌സിന് ആദ്യം സിഗ്നൽ നൽകാൻ കാരണമായത്.