കോഴിക്കോട്: ഗാർഹിക പീഡനത്തിനിരയായ യുവതിയും പ്രതിയായ ഭർത്താവും ഒരുമിച്ചതിനെ തുടർന്ന് നാടകീയ വഴിത്തിരിവുണ്ടായ പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഭർത്താവ് പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുല്‍ പി. ഗോപാലിന്‍റെ മർദനമേറ്റ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ കണ്ണിനും ചുണ്ടിനും പരുക്കേറ്റ് അവശ നിലയിൽ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രാഹുലിനെതിരെ നീമയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത രാഹുലിനെ വധശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ചെറിയ പ്രശ്നങ്ങളാണ് മർദനത്തിൽ കലാശിച്ചതെന്ന് പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു. മീൻകറിക്ക് പുളിയില്ലെന്നും ഉപ്പ് കൂടിയെന്നും പറഞ്ഞ് തുടങ്ങിയ വാക്കേറ്റമാണ് മർദനത്തിലെത്തിയത്. ഞായറാഴ്ചയാണ് ആദ്യം മർദിച്ചത്. തിങ്കളാഴ്ച വീണ്ടും മർദിച്ചു. പരുക്കേറ്റ നീമയെ രാഹുൽ തന്നെയാണ് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് വരുന്ന വഴി വാഹനത്തിൽ വച്ചും രാഹുൽ മർദിച്ചെന്ന് നീമ പറഞ്ഞു. നീമയെ ആശുപത്രിയിലെത്തിച്ച ശേഷം രാഹുൽ മുങ്ങുകയായിരുന്നു.
രാഹുലിന്‍റെ വീട്ടിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് നീമയെ ആംബുലൻസിൽ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പന്തീരാങ്കാവ് ഇൻസ്പെക്റ്ററും വനിത എഎസ്ഐയും രാത്രി ആശുപത്രിയിൽ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പരാതി ഇല്ലെന്ന നിലപാടിലായിരുന്നു നീമ. രാഹുലിനെതിരേ പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവിന്‍റ വീട്ടില്‍ നിന്നും തന്‍റെ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നുമായിരുന്നു യുവതി ആദ്യം പൊലീസിനോട് ആവശ്യപ്പെട്ടത്. എന്നാൽ പറവൂരിൽനിന്നു മാതാപിതാക്കൾ എത്തിയശേഷം പൊലീസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പെൺകുട്ടി പരാതി നൽകാൻ തയ്യാറായി. ഇതേത്തുടർന്നാണ് രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നീമ മാതാപിതാക്കൾക്കൊപ്പം പറവൂരിലേക്ക് പോകും.