കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ വിചാരണ കോടതി വിധിക്കെതിരെ ഹൈകോടതിയിൽ പ്രതി അമീറുൽ ഇസ്ലാം സമർപ്പിച്ച അപ്പീലിൽ വിധി ഇന്ന്. പ്രതിക്ക് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി കുറ്റവിമുക്തനാക്കണമെന്നാണ് അമീറുൽ ഇസ്ലാം സമർപ്പിച്ച അപ്പീലിൽ പറയുന്നത്. വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹരജിയിലും ഹൈകോടതി ഇന്ന് വിധി പറയും.
കൊലപാതകം, ബലാൽസംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കൃത്രിമമായി നിർമിച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് അമീറുൽ ഇസ്ലാം സമർപ്പിച്ച അപ്പീലിലെ വാദം.
2016 ഏപ്രിൽ 28നായിരുന്നു നിയമ വിദ്യാർഥിയായ ജിഷ പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ജസ്റ്റിസ് പി ബി സുരേഷ് കുമാർ, എസ് മനു എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജയില്‍ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൻ്റെ കൂടി അടിസ്ഥാനത്തിലായിരുക്കും വധശിക്ഷ നല്‍കണമോ എന്ന് ഹൈക്കോടതി തീരുമാനിക്കുക.