Kerala

147-ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്ന ഒരുങ്ങി

30,000 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന കൂറ്റൻ പന്തലിന്റെ നിർമാണവും പൂർത്തിയായിട്ടുണ്ട്

പെരുന്ന: എൻഎസ്എസ് സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 147-ാ മത് ജയന്തി ആഘോഷങ്ങൾക്കായി പെരുന്ന എൻഎസ്എസ് ആസ്ഥാനം ഒരുങ്ങി. ചങ്ങനാശേരി പെരുന്നയിലെ ആസ്ഥാനത്തുള്ള മൈതാനിയിൽ ആധുനികരീതിയിൽ തയാറാക്കിയിരിക്കുന്ന മന്നംനഗറിൽ ജനുവരി 1, 2 തീയതികളിലാണ് ആഘോഷങ്ങൾ നടക്കുന്നത്. 30,000 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന കൂറ്റൻ പന്തലിന്റെ നിർമാണവും പൂർത്തിയായിട്ടുണ്ട്.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കരയോഗ ഭാരവാഹികൾക്കും പ്രവർത്തകർക്കും താമസിക്കുന്നതിനായി എൻഎസ്എസ് വിദ്യാഭ്യാസ സമുച്ചയങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. സ്ത്രീകൾക്ക് വനിതാ ഹോസ്‌റ്റലിലും താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എൻഎസ്‌എസ് ഹിന്ദു കോളെജ് മൈതാനത്താണ് വിശാലമായ ഊട്ടുപുര തയാറാക്കിയിട്ടുള്ളത്. മന്നം സമാധിയും ആസ്‌ഥാന മന്ദിരവും വൈദ്യുതദീപാലങ്കാരത്താൽ മനോഹരമാക്കിയിട്ടുണ്ട്. എൻഎസ്എസ് ആസ്ഥാനവും മന്നം സമാധിയും പ്രധാനകവാടവും ചായംപൂശി മോടിയാക്കി സന്ദർശകരെ വരവേൽക്കാനൊരുങ്ങിക്കഴിഞ്ഞു.

ജനുവരി 1ന് രാവിലെ 6.30 മുതൽ ഭക്തി ഗാനാലാപനം. 7 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടക്കും, തുടർന്ന് 10.15ന് നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിൽ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദീകരിക്കും. പ്രസിഡന്റ് ഡോ. എം.ശശികുമാര്‍ അധ്യക്ഷത വഹിക്കും തുടര്‍ന്ന് പ്രമേയങ്ങള്‍ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് 3ന് ബാംഗ്ലൂര്‍ ബ്രദേഴ്സ് അവതരിപ്പിക്കുന്ന സംഗീത സദസ്, വൈകിട്ട് 6.30ന് രചന നാരായണന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്തം, രാത്രി 9മുതല്‍ കഥകളിയും ഉണ്ടായിരിക്കും.

രണ്ടിന് രാവിലെ മുതല്‍ ഭക്തിഗാനാലാപനം, 7മുതല്‍ മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന, 8ന് വെട്ടിക്കവല കെ.എന്‍ ശശികുമാറിന്റെ നാഗസ്വരക്കച്ചേരി, 10.30ന് ജയന്തിസമ്മേളനത്തിനെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം എന്നിവ നടക്കും. 10.45ന് നടക്കുന്ന ജയന്തിസമ്മേളനം മുന്‍ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗം സി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തും. എന്‍എസ്‌എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍, ട്രഷറര്‍ അഡ്വ.എന്‍.വി അയ്യപ്പന്‍പിള്ള തുടങ്ങിയവര്‍ സംസാരിക്കും.

'ദന' ചുഴലിക്കാറ്റ്; കേരളത്തിൽ 2 ദിവസത്തേക്ക് അതിതീവ്ര മഴ

സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത്

ദിവ‍്യയെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരും; കെ. സുരേന്ദ്രൻ

ഇന്ത്യ നാലാമത്തെ ആണവ അന്തർവാഹിനി പരീക്ഷിച്ചു

ഞങ്ങൾ നിങ്ങളിൽ ഭഗത് സിങ്ങിനെ കാണുന്നു: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ലോറൻസ് ബിഷ്ണോയിക്ക് സീറ്റ് വാഗ്ദാനം