പുനലൂര്‍: വേനല്‍ചൂടില്‍ കൈതച്ചെടികള്‍ ഉണങ്ങി ഉല്പാദനം കുറഞ്ഞതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായി. പൈനാപ്പിളിന് നിലവില്‍ കിലോക്ക് 40 മുതല്‍ 50 വരെ വിലയുണ്ട്. ഈ സാഹചര്യത്തിലാണ് ഉല്പാദനക്കുറവ് വെല്ലുവിളിയായിരിക്കുന്നത്.
വേനല്‍ച്ചൂടിനെ അതിജീവിക്കാനുള്ള തെങ്ങോലയോ, ഗ്രീന്‍ നെറ്റോ, ഒന്നും ഇത്തവണ ഫലപ്രദമാകുന്നില്ല. കൈതകള്‍ ഉണങ്ങി മഞ്ഞനിറത്തിലാകുകയും വലുതാകാതെ നശിക്കുന്നതും പതിവാണ്. അനുകൂല കാലാവസ്ഥയില്‍ തോട്ടങ്ങളില്‍ നിന്ന് 80 ശതമാനത്തോളം എ ഗ്രേഡ് പൈനാപ്പിള്‍ ലഭിക്കാറുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. എല്ലാ വര്‍ഷവും റമദാന്‍, ഈസ്റ്റര്‍ വിപണികളാണ് കൈതച്ചക്ക വ്യാപാരത്തിന്‍റെ പ്രധാന സമയം.
വരും ദിവസങ്ങളില്‍ മഴ പെയ്തില്ലെങ്കില്‍ ഉല്പാദനത്തില്‍ വന്‍ ഇടിവാകുമെന്നാണ് കര്‍ഷകരുടെ ആശങ്ക. കിഴക്കന്‍ മേഖലയില്‍ ഫാമിങ് കോര്‍പറേഷനില്‍ ഉള്‍പ്പെടെ ഏക്കറുകണക്കിന് ഭൂമിയിലാണ് കൈതച്ചക്ക കൃഷി നടക്കുന്നത്. സാധാരണ പൈനാപ്പിളിന് ഏറ്റവും കൂടുതല്‍ വില ലഭിക്കുന്ന കാലമാണിത്. കരാറെടുത്തും പാട്ടത്തിനെടുത്തുമാണ് കൂടുതല്‍ ആളുകളും കൈകൃഷി നടത്തുന്നത്.