കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീലേരി അച്ചുവായി മാറിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. ഗവർണറുടെ പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ലെന്നും പ്രതിഷേധം ജനാധിപത്യപരമായിരിക്കുമെന്നും ആർഷോ പ്രതികരിച്ചു.
അക്കാദമിക കാര്യങ്ങൾ തടസപ്പെടുത്തിയാണ് ഗവർണർ സർവകലാശാലയിൽ താമസിക്കുന്നതെന്നും ആർഷോ കോഴിക്കോട് പറഞ്ഞു. സെനറ്റിൽ യൂഡിഎഫ് പ്രതിനിധികളെ നിയമിക്കാൻ ലിസ്റ്റ് കൊടുത്തത് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവ് ഗവർണർക്ക് ലിസ്റ്റ് നൽകിയത് ബിജെപി ഓഫീസ് വഴിയാണെന്നും ആർഷോ ആരോപിച്ചു.
അതേസമയം, കാറിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ കാറ് നിർത്തുമെന്നും ഇനിയും പുറത്തിറങ്ങുമെന്നും ഗവർണർ പ്രതികരിച്ചിരുന്നു. എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവർ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പൊലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ലെന്നും ഗവർണർ പ്രതികരിച്ചിരുന്നു.