പി.എം.എ. സലാം 
Kerala

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

ദുരിതാശ്വാസ കണക്കിൽ അടിമുടി ക്രമക്കേട്, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും മുസ്ലിം ലീഗ് നേതാവ്

റോയ് റാഫേൽ

ദുബായ്: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച കണക്ക് പൂർണമായും തെറ്റാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാരായി കേരളത്തിലെ സർക്കാർ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം സർക്കാരിനെ കടന്നാക്രമിച്ചത്.

കേന്ദ്രത്തിനു സമർപ്പിക്കാൻ തയാറാക്കിയ എസ്റ്റിമേറ്റ് തുകയെന്ന റവന്യൂ വകുപ്പിന്‍റെ വാദം അടിസ്ഥാന രഹിതമാണെന്നും ലീ​ഗ് ജനറൽ സെക്രട്ടറി പറഞ്ഞു. ചെലവാക്കിയ കണക്കിനെ കുറിച്ചാണ് സർക്കാർ റിപ്പോർട്ട് നൽകിയത്. ചെലവാക്കാൻ ഉദ്ദേശിക്കുന്ന തുകയെക്കുറിച്ചല്ല. കേന്ദ്രത്തിന് കള്ള കണക്കാണോ നൽകേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഇല്ലാത്ത കണക്ക് നൽകുന്നതാണോ ജനാധിപത്യവും ഫെഡറലിസവും എന്നും സലാം.

മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ വീതം ചെലവാക്കിയെന്ന സർക്കാർ കണക്ക് മരിച്ചവരുടെ കുടുംബത്തെ അപമാനിക്കലാണ്. കണക്ക് കൃത്യമാണെന്ന് തെളിയിക്കാൻ സംസ്ഥാന സർക്കാരിനെ മുസ്ലീം ലീ​ഗ് വെല്ലുവിളിക്കുന്നുവെന്നും ദുബായിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഭക്ഷണവും വസ്ത്രങ്ങളും മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലവും കുഴിയെടുക്കാനുള്ള ജെസിബിയുമെല്ലാം സൗജന്യമായാണ് ലഭിച്ചത്. സർക്കാരിന് ഒരു പൈസ പോലും ചെലവായിട്ടില്ലെന്നും പി.എം.എ. സലാം ചൂണ്ടിക്കാട്ടി. പുനരധിവാസം ഉടൻ നടത്തണമെന്നും സലാം ആവശ്യപ്പട്ടു.

മുസ്ലിം ലീഗ് വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പാക്കി തുടങ്ങി. പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ലീഗിന് അറിയാം.നൂറ് വീടുകൾ നിർമ്മിച്ച് നൽകാൻ തയ്യാറാണ്. വയനാട്ടിൽ ഭൂമി ലഭിക്കുക എളുപ്പമല്ല.സർക്കാർ ടൗൺഷിപ്പിന് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോൾ സ്ഥലം നൽകിയാൽ അവിടെ വീട് വച്ച് നൽകും. എന്നാൽ അനിശ്ചിതമായി കാത്തിരിക്കാൻ ആവില്ല. സർക്കാർ തീരുമാനം വൈകിയാൽ ലീഗ് ഭൂമി വാങ്ങി വീട് വച്ച് നൽകും. ദുരിതാശ്വാസകള്ളകണക്ക് തയ്യാറാക്കിയവർക്കെതിരെ കർശന നടപടി വേണമെന്നും പി എം എ സലാം ആവശ്യപ്പെട്ടു. യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

തിലക് വർമയ്ക്ക് റെക്കോഡ് സെഞ്ച്വറി; ഇന്ത്യക്ക് ജയം

ഇ.പി. ജയരാജന്‍റെ ആത്മകഥ വിവാദം: ഡിസി ബുക്‌സിന് വക്കീൽ നോട്ടീസ്

സമരത്തിന് പിന്നാലെ പണമെത്തി: 108 ആംബുലന്‍സ് പദ്ധതിക്ക് 40 കോടി

ചെന്നൈയിൽ യുവാവ് ഡോക്റ്ററെ കുത്തിവീഴ്ത്തി; കുത്തിയത് 7 തവണ !

ഓടയിൽ വീണ് വിദേശി പരുക്കേറ്റ സംഭവം: രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി