#എം.ബി.സന്തോഷ്
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് പവിത്രവും പരിപാവനവുമായി വിശ്വാസിസമൂഹം കരുതുന്ന ശാസ്താവിന്റെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടിൽ വ്യാജ പൂജ നടത്തിയത് അയ്യപ്പഭക്തരെ അവഹേളിക്കുന്ന തരത്തിലും ശബരിമലയെ അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയുമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതു സംബന്ധിച്ച റിപ്പോർട്ട് ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ് ഇന്നലെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് സമർപ്പിച്ചു.
പൊന്നമ്പലമേട്ടിൽ സന്ദർശക വിലക്ക് ലംഘിച്ചാണ് തൃശൂർ തെക്കേക്കാട്ടുമഠം നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ നിന്നെത്തിയ സംഘം കഴിഞ്ഞ 8ന് പൂജ നടത്തിയത്. ഈ പ്രവൃത്തി ശബരിമല വിശ്വാസികൾക്ക് വളരെ വേദനാജനകമായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനുള്ള ഉത്കണ്ഠയും റിപ്പോർട്ടിൽ രേഖപ്പെടുത്തി.
പൂജ നടത്തിയത് പൊന്നമ്പലമേട്ടിലാണോ എന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ഇത്തരമൊരു വാർത്ത പ്രചരിക്കുന്നതായി സന്നിധാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, പമ്പ ഡെപ്യുട്ടി ഫോറസ്റ്റ് ഓഫിസർ എന്നിവർക്ക് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഭവം നടന്നത് പൊന്നമ്പലമേട്ടിലാണോ എന്നതുൾപ്പെടെ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് പൊലീസ്, വനം മേധാവികൾക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് കത്ത് നൽകി.
വനം വകുപ്പിന്റെ അധികാരപരിധിയിലുള്ള പ്രദേശമായതിനാൽ ദേവസ്വം ബോർഡിന് ഇവിടെ ഏതെങ്കിലും വിധത്തിൽ ഇടപെടാനാവില്ലെന്നും ദേവസ്വം കമ്മിഷണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, പൊന്നമ്പലമേട്ടിൽ അനധികൃതമായി കയറിയ സംഭവത്തിൽ വനം, പൊലീസ് വകുപ്പുകൾ കേസെടുത്തു. പൊന്നമ്പലമേട്ടില് കയറി നടത്തിയത് അയ്യപ്പഭക്തരെ അവഹേളിക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെയെന്ന് മൂഴിയാർ പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു.കേസിൽ അറസ്റ്റിലുള്ള രണ്ട് പ്രതികളായ കെഎഫ്ഡിസി ജീവനക്കാരായ രാജേന്ദ്രൻ കറുപ്പായി, സാബു എന്നിവരെ കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു.