പി.പി. ദിവ്യ file
Kerala

ജാമ്യഹർജി നൽകി ദിവ്യ; പഴി മുഴുവൻ പൊലീസിന്, റിമാൻഡ് റിപ്പോർട്ട് പുറത്ത്

പൊലീസ് അന്വേഷണത്തിലെ പോരായ്മകളാണ് പ്രധാനമായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. പൊലീസ് റിപ്പോർട്ടിൽ വ്യക്തതയും കൃത്യതയുമില്ല.

കണ്ണൂർ: എഡിഎം നവീൻബാബു ജീവനൊടുക്കിയ കേസിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകി. മുൻകൂർ ജാമ്യ ഹർജിയിൽ ഉന്നയിച്ചതിൽ നിന്നും വ്യത്യസ്തമായ വാദങ്ങളുയർത്തിയാണ് ദിവ്യ ജാമ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണത്തിലെ പോരായ്മകളാണ് പ്രധാനമായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. പൊലീസ് റിപ്പോർട്ടിൽ വ്യക്തതയും കൃത്യതയുമില്ല.

തെറ്റുപറ്റിയെന്ന് നവീർബാബു പറഞ്ഞതായുള്ള ജില്ലാ കലക്റ്റർ അരുൺ കെ. വിജയന്‍റെ മൊഴിയുടെ വിശദാംശങ്ങൾ പൊലീസ് അന്വേഷിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ‌ ലാൻഡ് റവന്യു കമ്മിഷണറുടെ മൊഴിയെടുത്തില്ല. പരാതിക്കാരനായ പ്രശാന്തൻ വിജിലൻസ് ഡിവൈഎസ്പിക്ക് മുന്നിൽ ഹാജരായി നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പൊലീസ് രേഖപ്പെടുത്താൻ തയ്യാറായിട്ടില്ല. പ്രശാന്തൻ എന്തിനാണ് ജില്ലാ കലക്റ്ററുടെ ക്വാർട്ടേഴ്സിൽ പോയതെന്ന കാര്യത്തിൽ വ്യക്തമായ അന്വേഷണം നടന്നിട്ടില്ലെന്നും ജാമ്യാപേക്ഷ‍യിൽ പറയുന്നു.

ഹര്‍ജി പരിഗണിക്കുന്ന മുറയ്ക്ക് കോടതി പോലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടും. ജാമ്യത്തെ എതിര്‍ത്ത് കക്ഷിചേരുമെന്ന് നവീന്‍ബാബുവിന്‍റെ കുടുംബവും അറിയിച്ചിട്ടുണ്ട്. 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്ത ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ്.

ദിവ്യയെ സംരക്ഷിച്ച് സിപിഎം, പാർട്ടി നടപടി ചർച്ചയായില്ല

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജെയിലലടച്ചിട്ടും പി.പി. ദിവ്യയെ തൊടാതെ സിപിഎം. ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്തില്ല. ദിവ്യയ്ക്കെതിരേ ഉടൻ അച്ചടക്ക നടപടി ഉണ്ടാകില്ലെന്ന സൂചനയാണിത് നൽകുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം ദിവ്യയ്ക്കെതിരേ സംഘടനാ നടപടി ഉണ്ടാകുമെന്ന സൂചനകൾ വന്നെങ്കിലും ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് പിന്നീട് പാർട്ടി ജില്ലാ നേതൃത്വത്തിൽ നിന്നുണ്ടായത്.

ദിവ്യ നിയമത്തിന് മുന്നില്‍ കീഴടങ്ങുകയും നിയമപരമായി മുന്നോട്ടു പോകുകയും ചെയ്യുകയാണ്. ഈ ഘട്ടത്തില്‍ പാര്‍ട്ടി നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് സി.പി.എം. നിലപാട്.പാർട്ടി അഭിഭാഷകനാണ് കേസിൽ ദിവ്യയ്ക്ക് വേണ്ടി ഹാജരാകുന്നത്. ദിവ്യയെ കേസിൽ നിന്ന് ഊരിക്കൊണ്ടു പോരാനുള്ള നീക്കങ്ങൾ ഒരു വശത്ത് നടത്തിക്കൊണ്ടാണ് മറുവശത്ത് ദിവ്യയെ തള്ളിപ്പറയുന്ന നിലപാട് പാർട്ടി സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. മാധ്യമങ്ങള്‍ നവീന്‍ ബാബുവിന്‍റെ കുടുംബത്തിനോ അവരുടെ ദുഃഖത്തിനോ ഒപ്പമല്ലെന്നും കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണുള്ളതെന്നുമായിരുന്നു സെക്രട്ടേറിയേറ്റ് യോഗത്തിനെത്തിയ സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍റെ പ്രതികരണം.

ദിവ്യയെത്തിയത് കൃത്യമായ ആസൂത്രണത്തോടെ: റിമാൻഡ് റിപ്പോർട്ട്

പി.പി. ദിവ്യ എ.ഡി.എമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതി കുറ്റവാസനയോടെയും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പില്‍വരുത്തിയ ആളാണെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റകൃത്യം ചെയ്തതിലൂടെ പി.പി. ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവായിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യാത്രയയപ്പ് ചടങ്ങിലേക്ക് പ്രതിയെ ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകര്‍ വ്യക്തമായ മൊഴി നല്‍കിയിട്ടുണ്ട്. വഴിയെ പോകുന്നതിനിടയ്ക്കാണ് ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത് അറിഞ്ഞതെന്ന് പറഞ്ഞാണ് പ്രതി പ്രസംഗം ആരംഭിച്ചത്. പ്രതി എത്തിയപ്പോള്‍ വേദിയിലുള്ളവര്‍ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുന്നതും വ്യക്തമാണ്. വീഡിയോ ചിത്രീകരിക്കാനും ഏര്‍പ്പാടാക്കിയിരുന്നു.

രണ്ടുദിവസം കാത്തിരിക്കണമെന്നും ഉപഹാരം സമര്‍പ്പിക്കുമ്പോള്‍ താന്‍ ഉണ്ടാകരുതെന്നും അതിന് പ്രത്യേക കാരണമുണ്ടെന്നും പ്രതി പറഞ്ഞിരുന്നു. ആ കാരണം രണ്ടുദിവസം കഴിഞ്ഞ് എല്ലാവരും അറിയുമെന്നും പറഞ്ഞു.

പ്രതി അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകയും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചയാളുമാണ്. പ്രതിയുടെ സഹപ്രവര്‍ത്തകരും സഹപാഠികളും ഭരണസിരാ കേന്ദ്രങ്ങളിലുള്ളവരാണ്. നിയമവ്യവസ്ഥയുമായി സഹരിക്കാതെ ഒളിവില്‍പ്പോയ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പി.പി. ദിവ്യയില്‍നിന്ന് തങ്ങള്‍ക്കും കുടുംബത്തിനും ഭീഷണിയുണ്ടാകുമെന്ന് സാക്ഷികള്‍ക്ക് ഭയമുണ്ട്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ പിന്തിരിപ്പിക്കുകയും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയുംചെയ്യും. രണ്ട് പെണ്‍മക്കളുടെ ഏക ആശ്രയമായിരുന്നു എ.ഡി.എം. വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കളുടെയും കോന്നി തഹസില്‍ദാരായ ഭാര്യയുടെയും ഏക തുണയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ സമൂഹമധ്യത്തില്‍ ഇകഴ്ത്തി മാനഹാനി വരുത്തി ആത്മഹത്യയിലേക്ക് നയിച്ചയാളാണ് പ്രതിയെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യ - ചൈന അതിർത്തിയിൽ സേനാ പിന്മാറ്റം പൂർത്തിയായി

സഞ്ജു സാംസണെ രാജസ്ഥാൻ നിലനിർത്തും, ബട്ലറെ ഒഴിവാക്കും

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം അനധികൃത താമസക്കാരെ നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ

''മൂവ് ഔട്ട്'': സുരേഷ് ഗോപിക്ക് അവജ്ഞയും ധിക്കാരവുമെന്ന് കെയുഡബ്ല്യുജെ

ലൈംഗികാതിക്രമക്കേസ്: ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം