കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരേ കൈക്കൂലി ആരോപിച്ചതിൽ ഗുഢാലോചനയില്ലെന്ന് പ്രതിയും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി.പി. ദിവ്യ പൊലീസിന് മൊഴി നൽകി. പെട്രോൾ പമ്പുമായി ബന്ധമില്ല. പ്രശാന്തനെ നേരിട്ട് അറിയില്ല. പ്രശാന്തൻ ജില്ല പഞ്ചായത്തിന്‍റെ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രമാണെന്നും വെള്ളിയാഴ്ച നടത്തിയ ചോദ്യം ചെയ്യലിൽ ദിവ്യ പറഞ്ഞു. ദിവ്യയെ രണ്ടര മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തത്.
കൈക്കൂലി ആരോപണം ഉന്നയിച്ച സംഭവത്തിന് പിന്നിലെ തെളിവുകളെക്കുറിച്ച് ദിവ്യ പൊലീസിന് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം. എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കില്ലെന്നാണ് പൊലീസ് നിഗമനം. അടുത്ത ദിവസം നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തും.