തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. നവംബർ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. ബസ് ഉടമകളുടെ സംയുക്ത സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് 31ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നതെന്നും ബസ് ഉടമാ സംഘടനകളുടെ ഭാരവാഹികള്‍ നേരത്തെ അറിയിച്ചിരുന്നു.
സമരത്തിന്‍റെ പശ്ചാത്തലത്തില്‍ കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് നടത്തുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. എന്നാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായാൽ കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്നാണ് സർക്കാർ നിലപാട്.
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധന നടപ്പിലാക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും ഉന്നയിക്കുന്നത്. ദൂരപരിധി നോക്കാതെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണം, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓര്‍ഡിനറി ആക്കി മാറ്റിയ നടപടി തിരുത്തണം തുടങ്ങിയ ആവശ്യങ്ങളുമുണ്ട്. നവംബര്‍ ഒന്നു മുതല്‍ അതിദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സംയുക്തസമര സമിതി കൂട്ടിച്ചേര്‍ത്തു.