മുഖ്യമന്ത്രി പിണറായി വിജയൻ  
Kerala

സംസ്ഥാനത്താകെ എൽഡിഎഫ് അനുകൂല തരംഗമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്താകെ എൽഡിഎഫിന് അനുകൂലമായ തരംഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വിരുദ്ധ സമീപനമാണ് ഈ കഴിഞ്ഞ 5 വർഷം ബിജെപിയും കോൺഗ്രസും യുഡിഎഫും സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിന്‍റെ കേരള ദ്രോഹത്തിനെതിരെ ഒരക്ഷരം ഉരിയാടാത്ത യുഡിഎഫ് ഈ തെരഞ്ഞെടുപ്പ് ഘട്ടത്തിലും സംസ്ഥാനത്തിനെതിരെ നുണകൾ പ്രചരിപ്പിച്ച് ബിജെപിയെ സഹായിക്കുകയാണ്.

സംസ്ഥാനത്ത് ഏറ്റവും നല്ലരീതിയിൽ നടക്കുന്നതാണ് ക്ഷേമപെൻഷൻ വിതരണം. 45 രൂപ കർഷക തൊഴിലാളി ക്ഷേമപെൻഷൻ നൽകി ആരംഭിച്ച സംവിധാനമാണ് ഇന്ന് ഈ നിലയിൽ എത്തിയത്. ഇന്ന് ഇത് 1,600 രൂപയായി. എന്തിനാണ് ഇത്ര അധികം പേർക്ക്, ഇത്രയധികം തുക പെൻഷൻ കൊടുക്കുന്നത് എന്നാണ് കേന്ദ്ര ധന മന്ത്രി പരസ്യമായി തന്നെ ചോദിച്ചത്.

അവരുടെ സാമ്പത്തിക നയമല്ല എൽഡിഎഫ് ഇവിടെ നടപ്പാക്കുന്നത്. അവരുടെ സാമ്പത്തിക നയം അവരുടേത് മാത്രമല്ല കോൺഗ്രസിന്‍റേതു കൂടിയാണ്. കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണ്. ആ സാമ്പത്തിക നയം കോർപ്പറേറ്റുകളെ സഹായിക്കുന്നതും സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുന്നതും പാവപ്പെട്ടവരെ കൂടുതൽ പാപ്പരീകരിക്കുന്നതും ആണ്. ബദൽ നയത്തിലൂടെ ദാരിദ്ര്യം ഏറെകുറഞ്ഞ ഇന്ത്യയിലെ സംസ്ഥാനമാണ് കേരളം. 1,600 എന്ന പെൻഷൻ തുകയും വർദ്ധിപ്പിക്കണമെന്നാണ് എൽഡിഎഫ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിന്‍റെ വൈരാഗ്യം നിറഞ്ഞ സമീപനമാണ് കേരളത്തിലെ ക്ഷേമ പെൻഷൻ വിതരണത്തെ വരെ ബാധിച്ചതെന്ന സത്യം ജനങ്ങളിൽ നിന്ന് മറച്ചു വയ്ക്കാനാണ് പ്രതിപക്ഷ നേതാവുൾപ്പെടെ ശ്രമിക്കുന്നത്. കേന്ദ്ര അവഗണക്കെതിരായ പോരാട്ടത്തിൽ യുഡിഎഫ് കേരളത്തെ വഞ്ചിക്കുകയാണ്. ബിജെപിയുടെ പകയും കോൺഗ്രസിന്‍റെ ചതിയും സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഇന്ന് കേരളം നേരിടുന്നത്. രണ്ടിനെയും അതിജീവിച്ചാണ് മുന്നോട്ടു പോകേണ്ടത്.

നിലവിലെ ചില അസാധാരണ സാഹചര്യങ്ങളാലാണ്‌ ഏതാനും മാസത്തെ പെൻഷൻ വിതരണം വൈകിയത്‌. എന്നിട്ടും കഴിയുന്നത്ര മാസങ്ങളിലെ പെൻഷൻ ലഭ്യമാക്കാനായി. ഇപ്പോൾ രണ്ടു ഗഡുവാണ്‌ വിതരണം ആരംഭിച്ചത്‌. ഓരോരുത്തർക്കും 3,200 രൂപവീതം. കഴിഞ്ഞമാസം അനുവദിച്ച ഒരു ഗഡു വിതരണം പൂർത്തിയായി. ഇതോടെ വിവിധ ജനവിഭാഗങ്ങളുടെ ആഘോഷക്കാലത്ത്‌ 4,800 രൂപവീതം അവശരുടെയും അശരണരുടെയും കൈകളിലെത്തുകയാണ്. അതിനെ വിലകുറച്ചു കാണിക്കാനും കേന്ദ്ര സമീപനത്തെ ന്യായീകരിക്കാനുമാണ് പ്രതിപക്ഷം തയാറാകുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി

മാർച്ച്‌ 31ന്‌ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കേന്ദ്രത്തിൽനിന്ന്‌ ലഭിക്കുന്ന തുകകളിലും വായ്‌പാനുപാതത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് 57,400 കോടി രൂപയുടെ കുറവുണ്ടായി. 2022–23 സാമ്പത്തിക വർഷം ഫെബ്രുവരി വരെ ഗ്രാന്‍റുകളായി ലഭിച്ചത്‌ 24,639 കോടി രൂപയാണ്‌. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ലഭിച്ചത്‌ 8688 കോടിയും. 15,951 കോടി രൂപയുടെ കുറവാണുണ്ടായതെന്ന്‌ സിഎജിയുടെ പ്രാഥമിക കണക്കുകളിൽ പറയുന്നു. ഒപ്പം ഏഴുവർഷത്തിനുള്ളിൽ സംസ്ഥാനത്തിന്‌ അർഹതപ്പെട്ട കടമെടുപ്പ്‌ പരിധിയിൽ നിന്ന്‌ പബ്ലിക്‌ അക്കൗണ്ടിന്‍റെ പേരു പറഞ്ഞ്‌ 1,07,500 കോടിയിൽപ്പരം രൂപയുടെ വെട്ടിക്കുറവ്‌ വരുത്തി. ഇതാണ്‌ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ