കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ജയിൽ മോചിതനായി. ഏഴര വർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്നും പുറത്തിറങ്ങിയ പൾസർ സുനിയെ പുഷ്പ വൃഷ്ടികളും ജയ്‌വിളികളുമായാണ് സ്വീകരിച്ചത്. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് സുനിയെ സ്വീകരിച്ചത്.
ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കാന്‍ വിചാരണക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കര്‍ശന ഉപാധികളോടെ വിചാരണക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് പള്‍സര്‍ സുനി പുറത്തിറങ്ങിയത്. സാക്ഷികളെ സ്വാധീനിക്കരുത്, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിധി വിട്ട് പുറത്ത് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, പള്‍സര്‍ സുനി കേസിലെ മറ്റു പ്രതികളുമായി ബന്ധം പുലര്‍ത്തരുത്, ഒരു സിം കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ, അതിന്‍റെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണം എന്നീ വ്യവസ്ഥകളും കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സുനിക്ക് ജാമ്യം ലഭിച്ചത്. സുനിക്ക് ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.