കോട്ടയം: അക്ഷരനഗരിയിലേക്ക് ഖവാലി സൂഫി സംഗീതവുമായി രാംപുർ വാർസി സഹോദരന്മാർ എത്തുന്നു. പ്രശസ്ത വാർസി സഹോദരങ്ങളായ മുഹമ്മദ് ഖാൻ വാർസിയും, മുഹമ്മദ് അഹമ്മദ് ഖാൻ വാർസിയും നയിക്കുന്ന സംഗീത സദസ് നാളെ രാവിലെ 11ന് കോട്ടയം പള്ളിക്കൂടം സ്കൂളിലും, വൈകിട്ട് 4ന് കാഞ്ഞിരമറ്റം കെ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ട് കോളെജിലും നടക്കും. സൂഫി കാവ്യാലാപനത്തില്‍ പ്രഗത്ഭരായ വാരിസ് നവാസ്, അർഷദ്, ഇഖ്ലാസ് ഹുസൈൻ, മുഹമ്മദ് നാഖ്വി, മുഹമ്മദ് ഫൈസ്, രഹത് ഹുസൈൻ എന്നിവരും വേദിയിൽ ഒപ്പമുണ്ടാവും.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭാരതീയ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ സ്പിക്മാക്കെയുടെ (സൊസൈറ്റി ഫോര്‍ ദി പ്രമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ എമങ് യൂത്ത്) കേരള ചാപ്റ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവന്തപുരം മുതൽ കൊച്ചി വരെയുള്ള ക്യാമ്പസുകളിൽ പരിപാടി അവതരിപ്പിക്കും. കേരളത്തിലെ വിദ്യാർഥികൾക്ക് ഖവാലി സംഗീതത്തെ പരിചയപ്പെടുത്താനും, അത് മനസിലാക്കി ആസ്വദിക്കാനുള്ള ഒരു വേദിയാണ് ഒരുക്കുന്നതെന്ന് സ്പിക് മാക്കെ സംസ്ഥാന കോർഡിനേറ്റർ വേലായുധകുറുപ്പ് പറഞ്ഞു. ഇന്ത്യൻ കലാരൂപങ്ങളേയും സംസ്കാരത്തെയും യുവതലമുറയിലേക്ക് എത്തിച്ച് അവരിൽ ധാർമികബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനയാണ് സ്പിക് മാക്കെ. പഠനത്തോടൊപ്പം കുട്ടികളെ കലയിലും പ്രാപ്തരാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഖവാലി സംഗീതം:
സൂഫികളുടെ സവിശേഷ സംഗീതമാണ് ഖവാലി. ദൈവമഹത്വം, പ്രവാചകപ്രകീർത്തനം, ഗുരുമഹാത്മ്യം എന്നിവയുടെ പ്രാധാന്യം സംഗീത സ്വരങ്ങളിലൂടെ പകർന്നുനൽകുന്ന ഖവാലി കേൾവിക്കാരെ ആത്മീയമായ ദൈവികതയുടെ ലോകത്തിലേക്ക് നയിക്കുന്നു. 800 വർഷം പഴക്കമുള്ള ഈ കലാരൂപം, ആത്മീയ സ്നേഹത്തിന്റെ ആഴവും ദൈവികതയുടെ അനുഭവവും നൽകുന്നു.ഉർദു, ഹിന്ദി, പേർഷ്യൻ, അറബിക്, ബ്രജ്, സിന്ധി, പഞ്ചാബി തുടങ്ങിയ ഭാഷകളിലാണ് ഖവാലി അവതരിക്കപ്പെടുന്നത്.