ന‍്യൂഡൽഹി: ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ടാം ടെസ്റ്റിൽ ഫോം കണ്ടെത്താനാകാതെ കെ.എൽ. രാഹുലും, അഭിമന‍്യു ഈശ്വരനും. സീനിയർ ടീമുകളുടെ ആദ്യ ടെസ്റ്റിൽ ഇവരിലൊരാളാണ് രോഹിത് ശർമയ്ക്കു പകരം ഓപ്പണറാകേണ്ടത്. അഭിമന്യു ആദ്യ ടെസ്റ്റിൽ പരാജയമായതോടെയാണ് രണ്ടാം ടെസ്റ്റിൽ രാഹുലിനെ പരീക്ഷിച്ചത്.
ആദ്യ ഇന്നിങ്സിൽ നാല് റൺസിനു പുറത്തായ രാഹുൽ രണ്ടാം ഇന്നിങ്സിൽ 44 പന്തുകൾ നേരിട്ട് 10 റൺസുമായി മടങ്ങി. അഭിമന‍്യു ഈശ്വരൻ തുടരെ നാലാമത്തെ ഇന്നിങ്സിലും നിരാശപ്പെടുത്തി. ഇത്തവണ 31 പന്തുകൾ നേരിട്ട് 17 റൺസെടുത്ത് പുറത്തായി.
നവംബർ 22-ന് പെർത്തിലാണ് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര ആരംഭിക്കുക. രാഹുലിനും അഭിമന്യുവിനും ഫോം കണ്ടെത്താൻ കഴിയാത്തതോടെ ആരായിരിക്കും രോഹിത്തിന്‍റെ പകരക്കാരൻ എന്ന ചോദ‍്യം ഉയരുന്നു. യശസ്വി ജയ്സ്വാൾ ആയിരിക്കും ഒരു ഓപ്പണർ. എന്നാൽ, യുവതാരത്തിന് ഇത് ആദ്യ ഓസ്ട്രേലിയൻ പര്യടനമാണ്.
ന‍്യൂസിലൻഡിനെതിരായ ആദ‍്യ ടെസ്റ്റിൽ മധ്യനിരയിൽ ബാറ്റ് ചെയ്ത കെ.എൽ. രാഹുലിന് രണ്ട് ഇന്നിങ്ങ്സുകളിൽ നിന്ന് 12 റൺസ് മാത്രമാണ് നേടാനായത്. പരുക്ക് കാരണം രണ്ടാം ടെസ്റ്റ് കളിച്ചതുമില്ല. പകരം വന്ന സർഫറാസ് ഖാൻ സെഞ്ചുറി നേടിയതോടെ മൂന്നാം ടെസ്റ്റിൽ അവസരവും കിട്ടിയില്ല. ഫോം വീണ്ടെടുക്കാൻ വേണ്ടിയാണ് രാഹുലിനെ ഓസ്ട്രേലിയൻ പര‍്യടനത്തിനായി ഇന്ത‍്യൻ എ ടീമിനൊപ്പം അയച്ചത്.
അതേസമയം ബോർഡർ ഗവാസ്ക്കർ ട്രോഫിയിലേക്കുള്ള 15 അംഗ ടീമിൽ ഇടം നേടിയ അഭിമന‍്യൂ ഈശ്വരനെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരുന്നത്.
രഞ്ജി ട്രോഫി മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച താരം ഓസ്ട്രേലിയൻ മണ്ണിലും തിളങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഇതുവരെ ഫോം കണ്ടെത്താനായില്ല. മക്കെയിലെ ഗ്രേറ്റ് ബാരിയർ റീഫ് അരീനയിൽ നടന്ന ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്ങ്സുകളിൽ നിന്ന് 19 റൺസെ നേടാനായുള്ളു. രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിൽ നിന്ന് 17 റൺസ് മാത്രമാണ് അഭിമന‍്യൂ നേടിയത്.
രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റും, മുകേഷ് കുമാർ മൂന്ന് വിക്കറ്റും, ഖലീൽ അഹമ്മദ് 2 വിക്കറ്റും നേടി. ഇതോടെ ഓസ്ട്രേലിയ 223 റൺസിന് പുറത്തായിരുന്നു. 74 റൺസെടുത്ത മാർക്കസ് ഹാരിസാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.
പിടിമുറുക്കാൻ അവസരം കിട്ടിയിട്ടും വീണ്ടും ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യ എ പ്രതിസന്ധിയിലായിരിക്കുകയാണ്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 31 ഓവറിൽ 73/5 എന്ന നിലയിലാണ് ഇന്ത‍്യ. 19 റൺസുമായി ധ്രുവ് ജുറലും 9 റൺസുമായി നിതീഷ് കുമാർ റെഡ്ഡിയും പുറത്താവാതെ നിൽക്കുന്നു. ഓപ്പണിങ് ബാറ്റർമാർ പുറത്തായ ശേഷം വന്ന സായ് സുദർശൻ 3 റൺസെടുത്ത് മടങ്ങി. നായകൻ ഋതുരാജ് ഗെയ്ക്‌വാദ് 11 റൺസും ദേവ്ദത്ത് പടിക്കൽ ഒരു റണ്ണുമാണ് നേടിയത്.