ശബരിമല ദർശനത്തിന് റെയ്ൽവേ ടിക്കറ്റ് മാതൃക പരിഗണനയിൽ Sabarimala file image
Kerala

ശബരിമല ദർശനത്തിന് റെയ്ൽവേ ടിക്കറ്റ് മാതൃക പരിഗണനയിൽ

ശബരിമലയിൽ ഓൺലൈൻ ബുക്കിങ് ഇല്ലാതെ വരുന്ന ഭക്തരുടെ ദർശനത്തിനായി റെയ്ൽവെ ടിക്കറ്റ് ബുക്കിങ് മാതൃകയിൽ ക്രമീകരണം ഏർപ്പെടുത്താൻ ആലോചന

എം.ബി. സന്തോഷ്

തിരുവനന്തപുരം: ശബരിമലയിൽ ഓൺലൈൻ ബുക്കിങ് ഇല്ലാതെ വരുന്ന ഭക്തരുടെ ദർശനത്തിനായി റെയ്ൽവെ ടിക്കറ്റ് ബുക്കിങ് മാതൃകയിൽ ക്രമീകരണം ഏർപ്പെടുത്താൻ ആലോചന. ശബരിമല ദർശനത്തിനെത്തുന്ന ഒരു ഭക്തരെയും മടക്കിയയക്കില്ലെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്‍റെ അറിയിപ്പ് ഇതിന്‍റെ ഭാഗമാണ്.

ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് നടത്തുന്നവരിൽ അയ്യായിരത്തോളം പേർ എത്താറില്ല. ബുക്ക് ചെയ്ത ശേഷം ഒരു ദിവസം എത്ര പേരാണോ എത്താത്തത്, ബുക്കിങ് ഇല്ലാതെ എത്തിയ അത്രയും പേരെ കടത്തിവിടുന്ന രീതിയാണ് ഇപ്പോൾ പരിഗണിക്കുന്നത്. എന്നാൽ, ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ വെർച്വൽ ക്യൂ ബുക്കിങ് കൂടാതെ വലിയ തോതിൽ ഭക്തർ എത്തിച്ചേരാനും സാധ്യതയുണ്ട്. കൂടുതൽ പേർ ഇങ്ങനെ എത്തിയാൽ അത്തരക്കാർക്ക് ദർശനത്തിന് ദിവസങ്ങളോളം കാത്തുനിൽക്കേണ്ടിവരുന്ന സ്ഥിതിയും ഉണ്ടാകും.

ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് മാത്രമായി പരിമിതപ്പെടുത്തുന്നതിനെതിരേ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായതിന് സമാനമായ പ്രക്ഷോഭത്തിന് ഒരുക്കം നടത്തുന്നതിനായി സർക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുരുസ്വാമിമാർ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ വരാനുള്ള സാധ്യത സർക്കാർ തള്ളുന്നില്ല. ഇത്തരക്കാരെ ദർശനത്തിന് അനുവദിക്കാതെ തിരിച്ചയച്ചാൽ അത് വലിയ പ്രക്ഷോഭത്തിന് കാരണമാവുമെന്ന് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.

ദർശനത്തിനെത്തുന്ന ഭക്തരെ സന്നിധാനത്ത് പ്രവേശിപ്പിക്കാതെ തിരിച്ചയയ്ക്കരുതെന്ന് പന്തളം കൊട്ടാരം തിരുവിതാംകൂർ ദേവസ്വംബോർഡിനോട് അഭ്യർഥിച്ചതും സർക്കാർ ഗൗരവത്തിലെടുത്തു. വെർച്വൽ ക്യൂവിൽ ഒരു ദിവസം 80,000 പേർ എന്ന കണക്കാവുമ്പോൾ ദർശനം വലിയ പ്രശ്നമില്ലാതെ നടത്താനായതായാണ് കഴിഞ്ഞ വർഷത്തെ അനുഭവം.

സ്പോട്ട് ബുക്കിങ് ഉൾപ്പെടെ ഒരു ലക്ഷം പേരെ സന്നിധാനത്ത് പ്രവേശിപ്പിച്ചപ്പോഴാണ് വമ്പൻ ക്യൂ പ്രത്യക്ഷപ്പെട്ടത്. അത് അവിടത്തെ ക്രമീകരണങ്ങളെ താളം തെറ്റിക്കുകയും ചെയ്തു. പിന്നീടത് 90,000 ആക്കിയിട്ടും പ്രശ്ന പരിഹാരമായില്ല. 80,000 ആയി കുറച്ചപ്പോഴാണ് ദർശനം സുഗമമായത്. അത് ഹൈക്കോടതിയും അംഗീകരിച്ചിരുന്നു. അതുകൊണ്ടാണ് ഇത്തവണയും അതിൽ മാറ്റം വരുത്താത്തത്. ഈ വിഷയത്തിൽ കോടതി ഇടപെടൽ ഉണ്ടാകാനുള്ള സാധ്യതയും സർക്കാർ കാണുന്നുണ്ട്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ