കാസര്‍കോട് ബ്ലോക്കിന്‍റെ ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്താന്‍ സുരങ്കങ്ങളുടെ പുനര്‍ജനിയുമായി ജില്ലാ ഭരണ സംവിധാനം. തുളുനാടിന്‍റെ തനത് കുടിവെള്ള സ്രോതസുകളായ സുരങ്കങ്ങളെ സംരക്ഷിക്കുന്നതിനും അനാഥമാക്കപ്പെട്ടവയെ നവീകരിക്കുന്നതിലൂടെ ജല നിരപ്പ് ഉയര്‍ത്തുന്നതിനുമായി പുതിയ പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. ഒറ്റ സുരങ്ക, ശാഖകളുള്ള സുരങ്ക, കിണറ്റില്‍ അവസാനിക്കുന്ന സുരങ്ക, തിരശീല ഔട്ട്‌ലറ്റുള്ള കിണറ്റില്‍ ടണല്‍ സംവിധാനം എന്നിങ്ങനെ നാല് തരത്തിലുള്ള സുരങ്കങ്ങളാണ് കാസര്‍കോടുള്ളത്.
പുനര്‍ജ്ജനി പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഹരിതകര്‍മ്മ സേനയും തൊഴലുറപ്പ് പദ്ധതി പ്രവര്‍ത്തകരും ചേര്‍ന്ന് സുരങ്കങ്ങള്‍ കണ്ടെത്തി കാട് വെട്ടിത്തെളിക്കും. തുടര്‍ന്ന് സുരങ്കത്തിന്‍റെ പ്രത്യേകതകള്‍ അനുസരിച്ച് ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സുരങ്കങ്ങളില്‍ നിന്ന് തോടുകളിലൂടെ ഒഴുകി കടലില്‍ പോകുന്നതിലൂടെയുള്ള ജല നഷ്ടം കുറക്കും. നബാര്‍ഡ് സഹായത്തോടെ വാട്ടര്‍ ഷെഡ്, ഷട്ടര്‍ ഗേറ്റ്, സ്റ്റോറേജ് പിറ്റ് പദ്ധതികള്‍ നടത്തുക. നാരി ശക്തി സെ ജല്‍ ശക്തി എന്ന ആശയത്തോടെ നടക്കുന്ന പദ്ധതിയിലൂടെ നാടിന്‍റെ തനത് ജല സ്രോ തസുകളെ ചേര്‍ത്ത് പിടിക്കാനും ഭൂഗര്‍ഭ ജലത്തോത് വര്‍ധിപ്പിക്കുന്നതിനും സാധിക്കും.
ജല്‍ ജീവന്‍ മിഷന്‍റെ ഭാഗമായി ഭൂജല നിരപ്പ് കുറഞ്ഞ കാസര്‍കോടിന്‍റെ ഭൂജല നിരപ്പ് ഉയര്‍ത്തുന്നതിനായാണ് ഈ നവീന ആശയം അവതരിപ്പിച്ചത്. ജില്ലാ കളക്ടറുടെ ഇന്‍റേണുകളായ പി. അനാമിക, അശ്വതി എന്നിവര്‍ സമര്‍പ്പിച്ച പ്രൊജക്റ്റ് റിപ്പോര്‍ട്ട് ജല്‍ശക്തി അഭിയാന്‍ അവലോകന യോഗത്തില്‍ കലക്റ്റര്‍ അംഗീകരിച്ചു. കാസര്‍കോടിന്‍റെ തനത് ജല സ്രോതസുകളെ ചേര്‍ത്ത് പിടിച്ച് ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്തുന്ന അഭിമാന പദ്ധതിയാണിതെന്ന് ജില്ലാ കലക്റ്റര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.