ന്യൂഡല്‍ഹി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ചലച്ചിത്ര അക്കാഡമിയും ചെയർമാൻ രഞ്ജിത്തും സുപ്രീം കോടതിയിൽ തടസഹർജി ഫയൽ ചെയ്തു. തങ്ങളുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണു തടസഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
"ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണു സംസ്ഥാന പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. നേരത്തെ ഇദ്ദേഹത്തിന്റെ പുരസ്കാരത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണു ലിജീഷ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജി ഇന്നു പരിഗണിക്കാനിരിക്കെയാണു അക്കാഡമിയുടെ ചെയർമാനും തടസഹർജി ഫയൽ ചെയ്തിരിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നുമാണ് ലിജീഷിന്റെ ഹര്‍ജിയിലെ ആവശ്യം. പുരസ്കാര നിർണയത്തിലെ ഇടപെടലുകൾ സംബന്ധിച്ചു ജൂറി അംഗങ്ങൾ തന്നെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു. സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലും പുരസ്കാര നിര്‍ണയത്തില്‍ രഞ്ജിത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായതായും ഹര്‍ജിയില്‍ പറയുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ അക്കാഡമി ചെയർമാൻ രഞ്ജിത്ത് ക്രമവിരുദ്ധമായി ഇടപെട്ടുവെന്ന ആരോപണവുമായി സംവിധായകൻ വിനയനാണ് ആദ്യം രംഗത്തെത്തിയത്. താൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ടെന്ന ചിത്രത്തിന് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു പരാതി. അവാര്‍ഡ് നിർണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദസന്ദേശങ്ങളും വിനയന് പുറത്തുവിട്ടിരുന്നു. തുടർന്നു ഈ ശബ്ദസന്ദേശങ്ങളടക്കം തെളിവുകളായി വിനയൻ മുഖ്യമന്ത്രിക്കു പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.