തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ടോടെ ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടതായി തൃശൂർ എംപി സുരേഷ് ഗോപി. വൈകിട്ട് 6 മണിക്ക് മുൻപായി എത്തിച്ചേരാൻ ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ തനിക്ക് ലഭ്യമായ വിമാനം അവിടെ 6.55നാണ് എത്തുകയെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച് തന്റെ നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും അവര്‍ പറയുന്നത് അനുസരിക്കുമെന്നും സുരേഷ് ഗോപി തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊച്ചി വിമാനത്താവളത്തിൽ നിന്നും മൂന്നു മണിക്ക് സുരേഷ് ഗോപിക്ക് ഡൽഹിക്ക് തിരിക്കും. കേരളത്തില്‍ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന ബിജെപി നേതാക്കളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകും.
കൊച്ചി മെട്രൊ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുമ്പത്തെ എം.ഡി. മുഹമ്മദ് ഹനീഷുമായും ഇതേ കാര്യം സംസാരിച്ചിരുന്നു. ഈ സമയത്താണ് തന്നെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാക്കാൻ ശ്രമിച്ചത്. എന്നാല്‍, ഇവിടുത്തെ ചില ആളുകൾ അത് ചാണകമായി മാറുമെന്ന് പറഞ്ഞ്. ഇനിയിപ്പോൾ ഈ ചാണകത്തെ പാർലമെന്‍റിൽ സഹിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ പൂരം നടത്തുന്നതിന് പുതിയ മാർഗനിർദേശങ്ങളുണ്ടാകും. ഈ കമ്മിഷണറേയും കളക്ടറേയും മാറ്റാൻ അനുവദിക്കരുത്. അവരെ നിലനിർത്തി പൂരം നടത്തും. ജനങ്ങളുടെ ആരാധന, ആസ്വാദന അവകാശങ്ങളിൽ അന്ന് വീണ മാലിന്യം ശുദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംപിയെന്ന നിലയിൽ തൃശൂരിൽ മാത്രമല്ല കേരളത്തിലും തമിഴ്നാട്ടിലും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണുത്തിയിൽ നിന്ന് ചങ്ങരംകുളം അല്ലെങ്കിൽ പൊന്നാനി റൂട്ടിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ക്രോസ് കട്ട് റോഡ് എന്നത് സ്വപ്നപദ്ധതിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.