വി.ഡി. സതീശൻ, കെ. സുധാകരൻ 
Kerala

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന വിവാദത്തിൽ കോൺഗ്രസിൽ പുതിയ പോർമുഖം

എം.ബി.സന്തോഷ്

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസത്തിന് സഹായം നൽകുന്നതിനെച്ചൊല്ലി കോൺഗ്രസിൽ പുതിയ പോർമുഖം. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിനെതിരെ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ ഇന്നലെ രംഗത്തെത്തുകയായിരുന്നു. അതിനെ പരസ്യമായിത്തന്നെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തള്ളി. എന്നാൽ,മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ചോദ്യമുയർന്നപ്പോൾ 'ഏതെങ്കിലും ചെറിയ ശബ്ദങ്ങൾ വരുന്നുണ്ടെങ്കിൽ അതാണ് പ്രധാനം എന്ന് കാണേണ്ട' എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി.

വയനാട് ക്യാമ്പിന്‍റെ തീരുമാന പ്രകാരം തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കത്തിന് തന്‍റെ ഓഫീസ് സ്റ്റാഫിനെ ഉപയോഗിച്ചതിനെ, വി.ഡി. സതീശൻ കെപിസിസിയെ ഹൈജാക്ക് ചെയ്യുന്നുവെന്നാരോപിച്ച് കെപിസിസി നേതൃയോഗം കൂടിയതോടെ കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷനേതാവും തമ്മിലുള്ള ഭിന്നത രൂക്ഷമായി. ഇരുകൂട്ടരും കേന്ദ്രനേതൃത്വത്തിന് പരാതി നൽകി. അതേതുടർന്ന് ഏതാനും ജില്ലാ ക്യാമ്പുകളിൽനിന്ന് വിട്ടുനിന്ന സതീശനെ കേന്ദ്രനേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു.

എംപിയും എംഎൽഎയും മുൻമന്ത്രിയും കെപിസിസി മുൻ പ്രസിഡന്‍റുമാരുമായ രമേശ് ചെന്നിത്തലയും വി.എം. സുധീരനുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഇടതുപക്ഷത്തിന്‍റെ കൈയില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്ന് പരസ്യമായി പറഞ്ഞ സുധാകരൻ, സര്‍ക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഓർമിപ്പിച്ചു. കോണ്‍ഗ്രസിന് പണം സ്വരൂപിക്കാന്‍ അതിന്‍റേതായ ഫോറം ഉണ്ട്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ദുരിതാശ്വാസ നിധി തുടങ്ങിയിട്ടുണ്ടെന്നും ചെന്നിത്തലയും അതുവഴിയാണ് പണം നല്‍കേണ്ടതെന്നും കെപിസിസി പ്രസിഡന്‍റ് മാധ്യമങ്ങളോട് പറയുകയായിരുന്നു.

എല്ലാവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സമയം അല്ല ഇതെന്നുമായിരുന്നു വി.ഡി. സതീശന്‍റെ മറുപടി.അതേസമയം, ദുരിതാശ്വാസ നിധിയില്‍ സുതാര്യത വേണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

കഴിഞ്ഞ പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്ത താൻ ഇത്തവണയും അത് തുടരുകയാണെന്ന് രമേശ് ചെന്നിത്തല ആവർത്തിച്ചു. കെപിസിസി പ്രസിഡന്‍റും താനും തമ്മിൽ ഒരു ഭിന്നതയുമില്ലെന്നു പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത് ശരിയായ നടപടിയെന്ന് ആവർത്തിച്ചു.

അതിനിടെ, പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയ കോൺഗ്രസിന് കഴിഞ്ഞ ദിവസം നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ അത് ആവർത്തിക്കാനായില്ല.തെരഞ്ഞെടുപ്പ് നടന്ന ഏക ജില്ലാ പഞ്ചായത്ത് സീറ്റ് കോൺഗ്രസിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് പാലോട് രവിയുടെ പെരിങ്ങമ്മല പഞ്ചായത്തിലെ 3 സീറ്റിൽ അട്ടിമറി ജയം സിപിഎം നേടിയതോടെ പഞ്ചായത്ത് ഭരണവും കോൺഗ്രസിന് നഷ്ടമായി. നേതാക്കളുടെ ഗ്രൂപ്പുപോരാണ് ഉപതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകാത്തതിന് കാരണമെന്ന് കോൺഗ്രസിന്‍റെ സാമൂഹികമാധ്യമ ഗ്രൂപ്പുകളിൽ രൂക്ഷവിമർശനം തുടരുകയാണ്.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്