Kerala

കോട്ടയത്ത് ഭൂമിക്കടിയിൽ സ്ഫോടന ശബ്‌ദവും പ്രകമ്പനവും

ഇന്നലെ പുലർച്ചെയും വൈകിട്ടും, രാത്രി എട്ടിനും 9നും ഇടയിലുമായാണ് ഭൂമിക്കടിയിൽ നിന്നും സ്ഫോടന ശബ്ദവും പ്രകമ്പനവും ഉണ്ടായത്

കോട്ടയം: എരുമേലി ചേനപ്പാടിയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ പകലും രാത്രിയിലുമായി ഭൂമിയുടെ ഉള്ളിൽ നിന്നും ഉണ്ടായ സ്ഫോടന ശബ്ദവും ചെറിയ പ്രകമ്പനവും ഭയക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർ. ഇന്ന് രാവിലെ സംഭവ സ്ഥലങ്ങളിൽ എത്തി പരിശോധന നടത്തിയ ശേഷമാണ് ജിയോളജി വിദഗ്ധർ ഇക്കാര്യം അറിയിച്ചത്.

ഭൂമിക്ക് വിള്ളലോ വിണ്ടുകീറലോ മറ്റ് കേടുപാടുകളോ കണ്ടെത്തിയിട്ടില്ല. എങ്കിലും സ്ഫോടന ശബ്ദകാരണം വ്യക്തമായിട്ടില്ല. കണ്ടെത്താനുള്ള ആവശ്യമായ വിദഗ്ധ പരിശോധനകൾ ഉദ്യോഗസ്ഥർ നടത്തും.

ഇന്നലെ പുലർച്ചെയും വൈകിട്ടും, രാത്രി എട്ടിനും 9നും ഇടയിലുമായാണ് ഭൂമിക്കടിയിൽ നിന്നും സ്ഫോടന ശബ്ദവും പ്രകമ്പനവും ഉണ്ടായതായി പ്രദേശവാസികൾ പറയുന്നത്. ഇതോടെ ഇവർ പരിഭ്രാന്തിയിലായി. ആളുകൾ വീടുവിട്ട് പുറത്തിറങ്ങി.

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തും, മണിമല, കറുകച്ചാൽ, എരുമേലി ഭാഗങ്ങളിലും അസാധാരണമായ പ്രകമ്പനം അനുഭവപ്പെട്ടതായി നിരവധിയാളുകൾ പറഞ്ഞു. ചേനപ്പാടി ലക്ഷംവീട് കോളനി പ്രദേശത്ത് അസാധാരണമായ ശബ്ദം കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി വീടിന് വെളിയിലിറങ്ങി. എരുമേലി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡാണ് ചേനപ്പാടി.

പരിഭ്രാന്തരായ നാട്ടുകാർ സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎയെ ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിച്ചു. എംഎൽഎ വിവരം അടിയന്തരമായി ജില്ലാ ഭരണകൂടത്തെയും, ദുരന്തനിവാരണ വിഭാഗത്തെയും, ജില്ലാ ജിയോളജി വിഭാഗത്തെയും അറിയിച്ചു. തുടർന്നാണ് ഇന്ന് രാവിലെ ജിയോളജി വിദഗ്ധരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയത്.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ