തിരുവനന്തപുരം: അച്ചടക്ക ലംഘനത്തെ തുടർന്ന് നിർമാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ‍്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിർമാതാവ് പ്രൊഡ‍്യൂസേഴ്സ് അസോസിയേഷന് എതിരെ വിമർശനം നടത്തിയിരുന്നു.
തുടർന്ന് പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ വിശദീകരണം തേടി. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംഘടന കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ആവശ‍്യപ്പെട്ടു. എന്നാൽ അതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സാന്ദ്ര തോമസ് അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടികാണിച്ച് പുറത്താക്കിയത്.
മുമ്പ് പ്രൊഡ‍്യൂസേഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ് രൂക്ഷമായി വിമർശനം നടത്തിയിരുന്നു. ചില വ‍്യക്തികളുടെ തീരുമാനത്തിലാണ് സംഘടന മുന്നോട്ട് പോവുന്നതെന്നും മറ്റുഉളളവരെയൊന്നും അറിയിക്കുന്നില്ലെന്നുമായിരുന്നു വിമർശനം. സംഘടനയിലെ ചില അംഗങ്ങൾ തന്നെ വ‍്യക്തിപരമായി അപമാനിച്ചുവെന്നും സംഘടനയിൽ സ്ത്രീ സൗഹൃദ അന്തരീക്ഷമില്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു.
തന്നെ അപമാനിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ‍്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടനയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് നടപടിയുണ്ടായില്ല. അതേസമയം സാന്ദ്ര സംഘടയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതായും സമൂഹമാധ‍്യമത്തിലൂടെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചെന്നും ആരോപിച്ച് പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ മുഖ‍്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.