Kerala

'സേവ് കോട്ടയം' 'സേഫ് കോട്ടയം'; ജനപ്രിയ ബജറ്റുമായി ജില്ലാ പഞ്ചായത്ത്

ജില്ലയിലെ വിനോദ സഞ്ചാര വികസനത്തിനും പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനും കുട്ടികളുടെ ക്ഷേമത്തിനും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.

കോട്ടയം: സ്ത്രീ സുരക്ഷക്ക് 'സേഫ് കോട്ടയം' പദ്ധതിയും പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിന് 'സേവ് കോട്ടയം' പദ്ധതിയുമായി കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2023- 24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്. 123.92 കോടി രൂപ വരവും 119.92 കോടി രൂപ ചെലവും 4കോടി രൂപ മിച്ചവുമുള്ള ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ അവതരിപ്പിച്ചത്. ജില്ലയിലെ വിനോദ സഞ്ചാര വികസനത്തിനും പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനും കുട്ടികളുടെ ക്ഷേമത്തിനും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.

വരും തലമുറയ്ക്ക് താങ്ങാകും എന്ന കാഴ്ചപ്പാടിലൂടെ വിഭാവനം ചെയ്യുന്ന പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ ബജറ്റിലേതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു പറഞ്ഞു. വർക്കിങ് ഗ്രൂപ്പുകൾ, ഗ്രാമസഭകൾ എന്നിവയിലൂടെ വരുന്ന വിഷയങ്ങൾക്കു മാത്രമല്ല പ്രാദേശിക പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിക്കുമെന്നും ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ 2023- 24 സാമ്പത്തിക വർഷത്തെ ബജറ്റിന്റെ ആമുഖപ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു.

എല്ലാവർക്കും പാർപ്പിട സൗകര്യം ലഭ്യമാക്കുക, കലാ-കായിക സാംസ്‌കാരിക മേഖലകളിൽ പ്രതിഭകളെ വാർത്തെടുക്കുക, ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുക, കായൽ, തോടുകൾ, കനാൽ, നീരുറവകൾ, കുളങ്ങൾ എന്നിവ സംരക്ഷിക്കുക, റോഡുകളുടെ സംരക്ഷണം, ഗ്രാമ- ബ്ലോക്ക്- നഗരസഭകളുമായി സഹകരിച്ച് തെരുവുനായ നിയന്ത്രണം, ശുചിത്വ പരിപാലനം, പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കുന്നതിന് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ബജറ്റിൽ ലക്ഷ്യമിടുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

ഭക്ഷ്യ ഉത്പാദനം, കൃഷി, ഭവനം, മൃഗസംരക്ഷണം, മണ്ണ്-ജലസംരക്ഷണം, ആരോഗ്യ സംരക്ഷണം, പൊതുവിദ്യാഭ്യാസം, കുട്ടികളുടെയും സ്ത്രീകളുടെയും വൃദ്ധരുടെയും സംരക്ഷണം, ദാരിദ്ര്യ ലഘൂകരണം, ഭിന്നശേഷിക്കാർ, അഗതികളുടെ എന്നിവരുടെ ക്ഷേമം, പട്ടികജാതി പട്ടികവർഗക്ഷേമം, അതിദാരിദ്ര്യ പ്രക്രിയയിലൂടെ പുതുതായി കണ്ടെത്തിയ കുടുംബങ്ങൾക്ക് ആവശ്യമായ പദ്ധതികൾ, ലഹരിവിമുക്ത പദ്ധതികൾ എന്നിവയ്ക്ക് മുൻഗണന നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.

ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ:

സേവ് കോട്ടയം:

ജില്ലയിൽ ഏതാനും വർഷങ്ങളായി പ്രളയം, ഉരുൾപൊട്ടലുകൾ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ കാർഷികമേഖലയെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിൽ, കാർഷിക ഗവേഷണത്തിനും കാലാവസ്ഥാ വ്യതിയാന പഠനത്തിനുമായി ജില്ലയിൽ പഠന ഗവേഷണ കേന്ദ്രം.

സേഫ് കോട്ടയം:

ജില്ലയിലുള്ള - ജില്ലയിലെത്തുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും നിർഭയം തങ്ങുന്നതിന് കുടുംബശ്രീയുമായി സഹകരിച്ച് ജില്ലാ കേന്ദ്രത്തിലും, ബ്ലോക്ക് തലത്തിലും നിർഭയ കേന്ദ്രങ്ങൾ (ഷീ ഹോസ്റ്റൽ)

ലഹരിമുക്ത കോട്ടയം:

പൊതുഇടങ്ങൾ, ആധുനിക വായനശാലകൾ, നൂതന കൃഷിയിടങ്ങൾ, തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ, വില്ലേജ് ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ യുവജന പങ്കാളിത്തത്തോടെ ലഹരിമുക്ത പ്രവർത്തനങ്ങൾ.

അരികെ:

ജില്ലയെ വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സഞ്ചരിക്കുന്ന മൊബൈൽ ലാബ്. എല്ലാ ആശുപത്രികളിലും ഡയാലിസിസ് സെന്റർ, വീടുകളിൽ ഒറ്റയ്ക്കാവുന്ന മാതാപിതാക്കളുടെ സേവനത്തിനായി 'അരികെ' എന്ന പേരിൽ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും.

ബട്ടർഫ്‌ളൈസ്:

അംഗപരിമിതരായ കുട്ടികൾക്ക് സ്‌കൂളിൽ എത്തിച്ചേരാനും, അവരെ പൊതുഇടങ്ങളി ലേക്ക് ഇറക്കാനും കഴിയുന്ന ഇലക്ട്രോണിക് വീൽചെയറുകൾ സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായി നൽകും.

സ്‌കിൽ ഡവലപ്‌മെന്റ് സെന്റർ:

യുവാക്കളെ സംരംഭകരാക്കാൻ നൈപുണ്യ പരിശീലനം നൽകുന്നതിനായി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. സുഗുണന്റെ പേരിൽ നൈപുണ്യ പരിശീലന കേന്ദ്രം

മിനി ഇൻഡസ്ട്രിയൽ പാർക്ക്:

ജില്ലയുടെ വ്യവസായ വികസനത്തിന് മീനച്ചിൽ താലൂക്കിൽ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ഒരേക്കർ സ്ഥലത്ത് മുൻ മുഖ്യമന്ത്രി പി.കെ വാസുദേവന്റെ പേരിൽ മിനി ഇൻഡസ്ട്രിയൽ പാർക്ക്.

പൈതൃകം ഗ്രാമോത്സവം:

കയർ, ഖാദി, നെയ്ത്ത്, മത്സ്യം, തനത് ഭക്ഷണരീതികൾ ഉൾപ്പെടെയുള്ള ജില്ലയിലെ പരമ്പരാഗത ചെറുകിട തൊഴിൽ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും, വിപണന സാധ്യതകൾ ഉറപ്പുവരുത്തുന്നതിനുമായി ''പൈതൃകം'' ഗ്രാമോത്സവം പദ്ധതി.

വിനോദസഞ്ചാരം - ഗ്രാമീണ ടൂറിസം:

ഉത്തരവാദിത്വ ടൂറിസം മിഷനുമായി സഹകരിച്ച് ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിൽ ഗ്രാമീണ ടൂറിസം പദ്ധതി.

തീർഥാടന ടൂറിസം ഡെസ്റ്റിനേഷൻ:

ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്നതിനും, തീർഥാടകർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി ശബരിമല തീർഥാടന കവാടമായ എരുമേലിയിലും, അൽഫോൺസാ തീർഥാടന കേന്ദ്രമായ ഭരണങ്ങാനത്തും പിൽഗ്രിം ടൂറിസം ഡെസ്റ്റിനേഷൻ.

ഫ്‌ളയിങ് ഫെസ്റ്റ്:

കോലാഹലമേട് വിനോദഞ്ചാരകേന്ദ്രത്തിൽ യുവജനക്ഷേമ ബോർഡുമായി ചേർന്ന് ഫ്‌ളയിങ് ഫെസ്റ്റ് സംഘടിപ്പിക്കും. പാരാഗ്ലൈഡിംഗ് അക്കാദമി ആരംഭിക്കുന്നതിനായി പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.

റോപ്പ് ടൂറിസം:

കോലാഹലമേട്, മുതുകോര, ഇളംകാട് തുടങ്ങി ജില്ലയിലെ പ്രധാന സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി റോപ് വേ ടൂറിസം പദ്ധതിയുടെ സാധ്യതാപഠനത്തിനായി ഫണ്ട്.

ജ്യോതിർഗമയ:

കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള വായനശാലകൾക്ക് ലാപ്‌ടോപ്പ്, സ്‌ക്രീൻ, പ്രൊജക്റ്റർ, നവീകരണം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ധനസഹായം.

കാമധേനു:

മുട്ടയ്ക്കും മാംസത്തിനുമായി കോഴി വളർത്തൽ, ക്ഷീരോൽപാദനം വർധിപ്പിക്കുക എന്നിവയുടെ ഭാഗമായി പക്ഷികളുടെയും മൃഗങ്ങളുടെയും സംരക്ഷണം ലക്ഷ്യമിട്ട് കാമധേനു പദ്ധതി പ്രകാരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെറ്ററിനറി മെഡിക്കൽ ഷോപ്പുകൾ

ജില്ലാ പഞ്ചായത്ത് ബജറ്റ് 2023-24:

വരവ് 123,92,35,104- രൂപ

ചെലവ് 119,92,17,980 രൂപ

മിച്ചം: 4,00,17,124രൂപ

കൃഷി: 2,22,95,000 രൂപ

മൃഗസംരക്ഷണവും ക്ഷീരവികസനവും: 5,64,90,000 രൂപ

മത്സ്യബന്ധനം: 19,95,000 രൂപ

വ്യവസായം (തൊഴിലുകൾ/പ്രാദേശിക സാമ്പത്തിക വികസനം): 1,69,95000 രൂപ

പ്രകൃതി സംരക്ഷണം/ജൈവവൈവിധ്യം: 1,37,65,000 രൂപ

വിദ്യാഭ്യാസം/കല/കായികം: 4,65,00,000 രൂപ

ആരോഗ്യം: 3,96,60,000 രൂപ

കുടിവെള്ളം, ശുചിത്വം: 15,26,35,500 രൂപ

പട്ടികജാതി ക്ഷേമം: 9,63,18,400 രൂപ

പട്ടികവർഗ ക്ഷേമം: 63,16,800 രൂപ

ഭവനം: 8,12,26,000 രൂപ

ദാരിദ്ര്യ ലഘൂകരണം: 107,50,000 രൂപ

വയോജനക്ഷേമം: 289,47,000 രൂപ

വനിത-ശിശുക്ഷേം: 4,19,06,280 രൂപ

ഭിന്നശേഷിക്കാരുടെ ഉന്നമനം: 50,00,000 രൂപ

അഗതിക്ഷേമം: 30,00,000 രൂപ

സദ്ഭരണം: 46,00,000 രൂപ

മറ്റ് പദ്ധതികൾക്കായി 4,00,000 രൂപ

വിനോദ സഞ്ചാരം: 10,00,000 രൂപ

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്