Librarian's chair vacant in a school library Artificial Intelligence
Kerala

22 വർഷമായി നിയമനമില്ലാതെ സ്‌കൂൾ ലൈബ്രേറിയന്‍ തസ്തികകൾ

ജിഷാ മരിയ

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ററി സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തികകളിലേക്ക് നിയമനം നടത്താതെ പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തൊട്ടാകെ പതിനായിരത്തോളം ഉദ്യോഗാർഥികളാണ് ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനം കിട്ടുമെന്ന പ്രതീക്ഷയില്‍ കഴിയുന്നത്. കെഇആർ 32 അധ്യായത്തിലും 2001 ഹയർ സെക്കന്‍ററി സ്പെഷ്യൽ റൂൾസിലും ലൈബ്രേറിയന്‍ തസ്തിക വന്നെങ്കിലും 22 വര്‍ഷമായി നിയമനം നടന്നിട്ടില്ല.

വായന പ്രോത്സാഹിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വായനാ വാരമുള്‍പ്പെടെയുള്ള പരിപാടികള്‍ സംസ്ഥാനത്ത് നടത്താറുണ്ടെങ്കിലും ലൈബ്രേറിയന്മാരില്ലാത്തതിനാല്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളില്‍ പുസ്തകങ്ങള്‍ പൊടി പിടിക്കുകയാണെന്നും ലൈബ്രറി സയൻസ് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പല സർക്കാർ - എയ്ഡഡ് സ്‌കൂളുകളിലും ലൈബ്രറിയുടെ ചുമതല ഒരു അധ്യാപകന് നല്‍കാറുണ്ടെങ്കിലും അധ്യാപനത്തിനൊപ്പം ഈജോലി കാര്യക്ഷമമാകാറില്ല.

2001ലെ സ്‌പെഷ്യല്‍ റൂളനുസരിച്ച് സർക്കാർ ഹയര്‍സെക്കന്‍ററി സ്‌കൂളുകളില്‍ ലൈബ്രേറിയന്മാരുടെ തസ്തിക സൃഷ്ടിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നിയമനം നടന്നില്ല. സ്കൂളുകളിൽ ലൈബ്രേറിയന്‍ നിയമനം നടത്തുന്നില്ലെങ്കിലും ഹൈസ്കൂൾ - ഹയർ സെക്കന്‍ററി വിദ്യാർഥികളില്‍ നിന്ന് പ്രവേശനസമയത്ത് ലൈബ്രറിഫീസ് കൃത്യമായി ഈടാക്കുന്നുണ്ട്.

ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാർഥികളാണ് ലൈബ്രറി സയന്‍സ് കോഴ്‌സ് പാസായി പുറത്തിറങ്ങുന്നത്. സ്‌പെഷ്യല്‍ റൂള്‍സില്‍ ഉള്‍പ്പെട്ട തസ്തികയില്‍ നിയമനം നടത്തുന്നതിന് മറ്റു തടസ്സങ്ങള്‍ ഇല്ലെന്നിരിക്കെയാണ് ഈ അനാസ്ഥയെന്ന് ലൈബ്രറി സയന്‍സ് ഉദ്യോഗാര്‍ഥി പ്രതിനിധികളായ ആര്‍.രഞ്ജിത്ത്, സജി സുകുമാരന്‍ എന്നിവര്‍ ആരോപിച്ചു.

സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക കളിലേക്ക് എത്രയും വേഗം നിയമനം നടത്താന്‍ വേണ്ട നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലൈബ്രറി സയന്‍സ് ഉദ്യോഗാര്‍ഥികള്‍.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു