Kerala

അവസാന കടമ്പയും നീങ്ങി; സീപോർട്ട് - എയർപോർട്ട് റോഡ് നിർമാണം ഉടൻ ആരംഭിക്കും

കളമശേരി: സീപോർട്ട്- എയർപോർട്ട് നിർമാണത്തിനായി ആവശ്യമുള്ള എച്ച്. എം.ടി ഭൂമി നിശ്ചിത തുക കെട്ടിവെച്ച് ആർ. ബി.ഡി.സി.കെക്ക് വിട്ടുനൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇതോടെ റോഡ് നിർമ്മാണത്തിനുള്ള അവസാന കടമ്പയും നീങ്ങി. റോഡ് വികസനത്തിന് ആവശ്യമായ എച്ച്.എം.ടി ഭൂമി ലഭ്യമാക്കുന്നതിന് 16.34 കോടി രൂപ ദേശസാൽകൃത ബാങ്കിൽ കെട്ടിവെക്കുന്നതിന് സുപ്രീം കോടതി അനുമതി തേടാൻ മന്ത്രിമാരായ പി.രാജീവ്, കെ. രാജൻ, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ രണ്ടാഴ്ച മുൻപ് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ 20 വർഷത്തിലേറെയായി റോഡ് വികസനത്തിലെ പ്രധാന കടമ്പയായിരുന്നു എച്ച്.എം.ടിയുടേയും എൻ.എ.ഡിയുടേയും ഭൂമിപ്രശ്നം.

എച്ച്. എം.ടി യിൽ നിന്ന് റോഡ് നിർമ്മാണത്തിനായി 1.632 ഹെക്ടർ സ്ഥലമാണ് വിട്ടുകിട്ടേണ്ടത്. ഈ ഭൂമി സംസ്ഥാനസർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ എച്ച്.എം.ടി സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് ഇടക്കാല ഉത്തരവ്. 2014 ലെ അടിസ്ഥാന വിലനിർണയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുകയാണ് കെട്ടിവെക്കേണ്ടത്. 2024 ലെ വിലയടിസ്ഥാനമാക്കി തുക നിശ്ചയിക്കണമെന്ന എച്ച്.എം.ടിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി രജിസ്ട്രാറുടെ പേരിൽ തുക കെട്ടിവെക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിനായി എൻ.എ.ഡി.യിൽ നിന്ന് വിട്ടു കിട്ടേണ്ട 2 .4967 ഹെക്ടർ ഭൂമി റോഡ് നിർമ്മാണത്തിന് അനുവദിച്ച് കഴിഞ്ഞയാഴ്ച രാഷ്ട്രപതിയുടെ ഉത്തരവും ഇറങ്ങിയിരുന്നു. തൃക്കാക്കര നോർത്ത് വില്ലേജിലെ നിർദ്ദിഷ്ട ഭൂമി നിർമ്മാണ പ്രവർത്തനങ്ങൾക്കായി റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷന് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭൂമി വിലയായി 23.06 കോടി രൂപ ആർ.ബി.ഡി.സി.കെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നൽകും. ഭൂമി ലഭ്യമാക്കിയതിന് പകരമായി എൻ.എ.ഡിയുമായുള്ള ധാരണപ്രകാരം എച്ച്.എം.ടി - എൻ.എ.ഡി റോഡ് 5.5 മീറ്റർ വീതിയിൽ പുനർനിർമ്മിക്കും. സീപോർട്ട്- എയർപോർട്ട് നിർമാണത്തിലെ പ്രധാന തടസം പരിഹരിക്കപ്പെട്ടതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാകും.

സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിൻ്റെ ഭാഗമായി എൻ.എ.ഡി - മഹിളാലയം റീച്ചിന് ആവശ്യമായ 722.04 കോടി രൂപ കൂടി അനുവദിക്കാൻ കഴിഞ്ഞ കിഫ്ബി ബോർഡ് യോഗം തീരുമാനിച്ചിരുന്നു. മന്ത്രിമാരുടെ യോഗ നിർദ്ദേശപ്രകാരമായിരുന്നു ഇത്. പുതുക്കിയ എസ്റ്റിമേറ്റനുസരിച്ചുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. സീപോർട്ട് - എയർപോർട്ട് വികസനത്തിന്റെ ഭാഗമായി നാലുവരിയാക്കാൻ അവശേഷിക്കുന്ന ഭാരത് മാത കോളേജ് - കളക്ടറേറ്റ് റീച്ചും ഇൻഫോപാർക്ക് - ഇരുമ്പനം പുതിയ റോഡ് റീച്ചും നാലുവരിയാക്കാനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ